മലപ്പുറം: ഇന്ധന, പാചക വാതക വിലവര്‍ധനവിനെതാരായ യു.ഡി.എഫ് പ്രഖ്യാപിച്ച സത്യാഗ്രഹത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അണിനിരന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ് ഇരുവരും പങ്കാളികളായത്.
പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്ത് പെട്രോള്‍ വില 100 കടന്നു. എന്നാല്‍ ഭരണകൂടം ഇപ്പോളും നിസ്സംഗത തുടരുകയാണ്. കോര്‍പറേറ്റുകള്‍ക്ക് വില അനിയന്ത്രിതമായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്, കേരള സര്‍ക്കാറിനും ഇതിന്റെ നേട്ടം ലഭിക്കുന്നുണ്ട്്. വിലവര്‍ധനവിനെതിരെ ഇടതുപക്ഷം പ്രതിഷേധിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി നികുതിയിളവ് പോലുള്ള ആശ്വാസ നടപടികള്‍ ആലോചിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലവര്‍ധനവ് പിടിച്ചുനിര്‍ത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില വീണ്ടും കുത്തനെ ഉയരുന്ന സ്ഥിതിയുണ്ടായി. ബി.ജെ.പി സര്‍ക്കാരിന് ഇതില്‍ നിക്ഷിപ്ത താല്‍പര്യമുണ്ട്. സംസ്ഥാന സര്‍ക്കാരും അതിന് കുടപിടിക്കുകയാണ്. പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധനവ് മറ്റു മേഖലകളെയും ബാധിക്കും. അവശ്യസാധനങ്ങള്‍ക്കും നിര്‍മാണമേഖലയിലും ഇതിന്റെ ആഘാതമുണ്ടാകും. ജനങ്ങള്‍ വരുമാനമില്ലാതെ കഴിയുന്ന കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങളെ ചൂഷണം ചെയ്യുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ഇതിനെതിരെയാണ് യു.ഡി.എഫ് ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ, മറ്റു ദരിദ്ര രാജ്യങ്ങളില്‍ പോലും പെട്രോള്‍, ഡീസല്‍ എന്നിവക്ക് ഇന്ത്യയിലേതിനേക്കാള്‍ വില കുറവാണെന്നും ക്രൂഡ് ഓയില്‍ വില കുറയുന്നതനുസരിച്ച് അവിടെ വില വ്യത്യാസമുണ്ടാകാറുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ ഇത് സാധ്യമാണെന്നിരിക്കെ ഇന്ത്യയിലെ ഭരണകൂടങ്ങള്‍ സാധാരണക്കാരുടെ കഴുത്തിന് പിടിക്കുകയാണ്. പാചക വാതക വിലവര്‍ധനവും സഹിക്കാവുന്നതല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത് കാണാതിരുന്നുകൂടെന്നും ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷെരീഫ് കുറ്റൂര്‍, ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ലത്തീഫ്, സീനിയര്‍ വൈസ് പ്രസിഡന്റ് ഗുലാം ഹസന്‍ ആലങ്കീര്‍ പങ്കെടുത്തു.