കെ-സ്മാര്‍ട്ടാകാന്‍ തൊടുപുഴ നഗരസഭ ഒരുങ്ങുന്നു. സേവനങ്ങള്‍ മൊബൈല്‍ ആപ്പുവഴി നല്‍കുന്ന കെ-സ്മാര്‍ട്ട് പദ്ധതിക്ക് ജനുവരി 26 മുതല്‍ പരീക്ഷണാര്‍ഥം നഗരസഭയില്‍ തുടക്കമിടാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങള്‍ മൊബൈല്‍ ആപ്പുവഴി നല്‍കുന്ന പദ്ധതിയാണ് കെ-സ്മാര്‍ട്ട്. ജനന മരണ രജിസ്ട്രേഷന്‍, ട്രേഡ് ലൈസന്‍സ്, പൊതുജന പരിഹാര സംവിധാനം എന്നീ സേവനങ്ങളാകും തുടക്കത്തില്‍ നല്‍കുക. സംസ്ഥാനത്ത് പദ്ധതി നടപ്പില്‍ വരുന്ന എട്ട് നഗരസഭകളിലൊന്ന് തൊടുപുഴയാണ്.തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്കും ഓഫിസ് നടപടികള്‍ക്കും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നിലവില്‍ മുപ്പതോളം സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുണ്ട്.
ഇവയെ ഒറ്റ മൊബൈല്‍ അധിഷ്ഠിത ആപ്പിക്കേഷനായി സമന്വയിപ്പിച്ച് ഓരോ പൗരനും ഒറ്റ സൈന്‍ ഓണ്‍ സേവനം സാധ്യമാക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത 23 സോഫ്റ്റ് വെയറുകള്‍ തൊടുപുഴ നഗരസഭയില്‍ വിന്യസിച്ച് സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. വ്യത്യസ്തമായ ആപ്ലിക്കേഷനുകള്‍ സംയോജിപ്പിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനം നല്‍കുന്നതിനും ജീവനക്കാരിലെ ജോലിഭാരം കുറച്ച് കാര്യക്ഷമമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി വികസിപ്പിച്ച സോഫ്റ്റ്വെയറാണ് കെ-സ്മാര്‍ട്ട്. ലോകത്തെവിടെ നിന്നും അപേക്ഷകള്‍ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാനും കഴിയും. കെട്ടിട നികുതി, വിവാഹ രജിസ്ട്രേഷന്‍, സാമൂഹിക സുരക്ഷ പെന്‍ഷന്‍ സേവനങ്ങള്‍, ഔദ്യോഗിക യോഗങ്ങള്‍ നടത്താനും മിനിറ്റ്സ് രേഖപ്പെടുത്താനുമുള്ള നടപടികള്‍ തുടങ്ങിയവ ജൂണ്‍ മാസത്തോടെ ഇതിന്‍റെ ഭാഗമാകും.