X

സ്വർണ്ണ കടത്ത് സംഘത്തിന്റെ വാഹനത്തിൽ കേന്ദ്ര മന്ത്രി

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാറില്‍ അവര്‍ക്കൊപ്പം സഞ്ചരിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കടവ് റിസോര്‍ട്ടിലേക്ക് ആയിരുന്നു സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാറില്‍ കേന്ദ്രമന്ത്രിയുടെ യാത്ര. രണ്ടര വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി എ വി സുലൈമാനാണ് കാറോടിച്ചത്. ഇയാള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും പുറത്തുവിട്ടതും. 2020 ഓഗസ്റ്റ് എട്ടിന് കരിപൂര്‍ വിമാന ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി എത്തിയപ്പോഴാണ് സംഭവം. വ്യോമയാന മന്ത്രി ആയിരിക്കെയാണ് പുരി ഇത്തരത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാറില്‍ യാത്ര ചെയ്തത്. കേന്ദ്രമന്ത്രി തന്റെ വാഹനത്തില്‍ കയറി, തനിക്കൊപ്പം സഞ്ചരിക്കുന്നുവെന്ന് പൊതുജനത്തേയും സൗഹൃദ വലയത്തേയും ബോധ്യപ്പെടുത്താനാണ് സുലൈമാന്‍ ഇത്തരത്തില്‍ സെല്‍ഫി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിവരം. സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സംഘങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ദൃഢബന്ധമെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

എന്നാല്‍ കേന്ദ്രമന്ത്രിയുമായി തന്നെ സംഘത്തിന് ബന്ധമുണ്ടെന്ന് വ്യക്താക്കുന്നതാണ് പുറത്തു വന്നിരിക്കുന്ന ദൃശ്യങ്ങള്‍. വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതിലും സ്വര്‍ണക്കടത്ത് സംഘം ഇടപെടുന്നതായുള്ള റിപ്പോര്‍ട്ടാണ് ഐബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് റിസോര്‍ട്ടുകളില്‍ സ്വര്‍ണക്കടത്ത് സംഘം പാര്‍ട്ടി നടത്തിയതിന്റെ തെളിവുകളും ഐബിക്ക് ലഭിച്ചതായാണ് സൂചന.

webdesk12: