പട്ടയ ഭൂമി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി മുപ്പതിലേക്ക് മാറ്റി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം നല്‍കാന്‍ ക്വാറി ഉടമകള്‍ സമയം നീട്ടി ചോദിച്ചതതോടെയാണ് കേസ് മാറ്റിയത്. കേസ് വിശദമായി കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ കേസില്‍ വാദം കേട്ട കോടതി നിലവില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു.
നിലവിലെ വസ്തുതകള്‍ കണക്കിലെടുത്ത് 1964 ലെ ഭൂ പതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ട് വരുമെന്ന് സംസ്ഥാനം വ്യക്തമാക്കിയിരുന്നു.
നിലനില്‍ക്കുന്ന ചട്ട പ്രകാരം കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ഭൂമിയുടെ പട്ടയം നല്‍കാന്‍ കഴിയൂ. പട്ടയ ഭൂമിയില്‍ വീട് വയ്ക്കുന്നതിനും, കാര്‍ഷിക ആവശ്യങ്ങള്‍ക്കും മാത്രമാണ് അവകാശം. എന്നാല്‍ ഖനനം ഉള്‍പ്പടെ ഭൂമിയ്ക്ക് താഴെയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് പട്ടയ ഭൂമി കൈമാറാന്‍ 1964 ലെ ചട്ടങ്ങളില്‍ വ്യവസ്ഥ ഇല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യവസ്ഥകള്‍ ലംഘിക്കുന്നവരുടെ പട്ടയം റദ്ദാക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നല്‍കിയ പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തതത്. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ സി കെ ശശിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. നേരത്തെ കേസ് വാദം കേള്‍ക്കുന്നതിനിടെ കോടതി സംസ്ഥാനത്തോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.