കോഴിക്കോട് : അറുപത്തി ഒന്നാമത് കേരള സ്‌കുള്‍ കലോത്സവം ഇന്നലെ കോഴിക്കോട് ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാവിഷ്‌കാര വേദി എന്ന നിലക്കും മതേതര ഇടത്തെ പതിറ്റാണ്ടുകളായി ശക്തിപ്പെടുത്തുന്ന സാംസ്‌കാരികോത്സവം എന്ന നിലക്കും നാടിന്റെ നാനതുറകളിലുള്ളവരുടെ പിന്തുണയാലാലാണ് കലോത്സവം മുന്നോട്ട് പോകുന്നത്. എന്നാല്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ സ്വാഗതഗാനത്തിന്റെ ഭാഗമായി മുസ്ലിം വിരുദ്ധമായ ദൃശ്യാവിഷ്‌കാരം നടത്തിയിരിക്കയാണ് സംഘാടകര്‍ എന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചെത്തിയ ആളെ ഇന്ത്യന്‍ സേന പിടികൂടുന്നതിന്റെ ദൃശ്യാവിഷ്‌കാരമാണ് സ്വാഗതഗാനത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്. ഇസ്ലാം സമം ഭീകരവാദമെന്ന സംഘ്പരിവാര്‍ പ്രചാരണത്തിന് ആക്കം കൂട്ടുന്നതും പൊതുബോധ നിര്‍മ്മിതിക്ക് സഹായകരമാകുന്നതുമാണ് ഈ ദൃശ്യാവിഷ്‌കാരം. ഇത് തയ്യാറാക്കിയത് സതീഷ് ബാബു എന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ്. ഉന്നത ഉദ്യോഗസ്ഥരും കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രനും അടക്കമുള്ളവര്‍ റിഹേഴ്സല്‍ കണ്ടതിന് ശേഷമാണ്, ഈ ദൃശ്യാവിഷ്‌കാരം വേദിയില്‍ അരങ്ങേറിയത്. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ വെച്ച് നടന്ന ഇത്തരം ഒരു പരിപാടി ഒരുക്കിയതിന് സംഘ്പരിവാര്‍ പ്രവര്‍ത്തകനായ സതീഷ് ബാബുവിന് ഉപഹാരവും നല്‍കിയിട്ടുണ്ട്.
ന്യൂനപക്ഷ സമ്മേളന വേദിയില്‍ ചെന്ന് ഓങ്ങി നില്‍ക്കുന്ന മഴുവിന് താഴെ കഴുത്ത് നീട്ടി കൊടുക്കരുതെന്ന് ഉപദേശിക്കുന്ന മുഖ്യമന്ത്രി സംഘ്പരിവാര്‍കാരുടെ മഴുവിന് മൂര്‍ച്ച് കൂട്ടികൊടുക്കന്ന സമീപനം കലോത്സവ വേദിയില്‍ ഉണ്ടായതിനെ കുറിച്ച് അഭിപ്രായം പറയണം എന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്. ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ,് വിശ്വാസത്തിന്റെ ഭാഗമായി തലയില്‍ ഹിജാബ് ധരിച്ചാല്‍ മതേതരത്വം തകര്‍ന്ന് പോകുമെന്ന് അഫിഡവിറ്റ് കൊടുത്ത അതേ സര്‍ക്കാരാണ് ഇസ്ലാമിക ശിരോവസ്ത്രം ധരിച്ച് നില്‍കുന്ന ആളെ ഭീകരവാദിയായി ചിത്രീകരിച്ച് പട്ടാളം പിടികൂടുന്ന രംഗം അവതരിപ്പിക്കാന്‍ കൂട്ടുനിന്നത്.
ഇത്തരമൊരു ദൃശ്യാവിഷ്‌കാരം അവതരിപ്പിക്കാന്‍ ഇടയായ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി ഖേദം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്ലോട്ട് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം.
നിരന്തരമായി സംഘ്പരിവാറിന് ഒത്താശ ചെയ്യുന്ന സമീപനമാണ് സി.പി.എമ്മും സി.പി.എം നേതൃത്വം നല്‍കുന്ന ഭരണകൂടവും സ്വീകരിച്ച് വരുന്നത്. സംഘ്പരിവാര്‍ പ്രചാരണമായ ലൗജിഹാദ് എന്ന ആശയം ഏറ്റ് പിടിച്ചതും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പാഠപുസ്തകങ്ങളില്‍ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചതും ഇത്തരം സമീപനത്തിന്റെ തെളിവാണ്. സര്‍ക്കാര്‍ വേദികളെ സംഘ്പരിവാര്‍ വേദികള്‍ ആക്കാനുള്ള നീക്കത്തെ ഒരു നിലക്കും അംഗീകരിക്കാനാവില്ല. തെറ്റ് തിരുത്താന്‍ തയ്യാറാകുന്നില്ലെയെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.