സംസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെ മൂന്നിടത്തായി വാഹനാപകടത്തില്‍ 5 മരണം. കോഴിക്കോട്, കൊല്ലം, എറണാകുളം ജില്ലകളിലാണ് അപകടമുണ്ടായത്. കോഴിക്കോട് കൊയിലാണ്ടി കാട്ടിലപീടികയില്‍ ബൈക്കും സ്കൂട്ടറും കൂട്ടി ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. വടകര കുര്യടി സ്വദേശികളായ ദീക്ഷിത്, അശ്വിന് എന്നിവരാണ് മരിച്ചത്. പുതിയാപ്പ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.
കൊല്ലം കുണ്ടറ പെരുമ്പുഴ സൊസൈറ്റിമുക്കില്‍ കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ആഗ്നല്‍ സ്റ്റീഫന്‍, ജോബിന് ഡിക്രൂസ് എന്നിവരാണ് മരിച്ചത്. ഇരുവരും 18, 19 വയസുകാരാണ്.
എറണാകുളം അങ്കമാലിക്കടുത്ത് മോണിങ് സ്റ്റാര്‍ കോളേജിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. തുറവൂര്‍ ശിവജിപുരം വാഴേലിപറമ്പില്‍ വീട്ടില്‍ അശ്വിനാണ് (23) മരിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ 1.25ഓടെയായിരുന്നു അപകടമുണ്ടായത്. അങ്കമാലിയില്‍ നിന്ന് ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മീഡിയനില്‍ കയറിയിറങ്ങി മറിയുകയായിരുന്നു. ഉടനെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.