X

സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിക്കുന്ന വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഡി.ജി.പി

തിരുവനന്തപുരം: വിവിധ കേസുകളില്‍ പിടികൂടി പോലീസ് സ്റ്റേഷന്‍ പരിസരത്തും സമീപ റോഡുകളിലും സുക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോലീസ് സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങ ള്‍ കൂട്ടിയിടാന്‍ അനുവദിക്കില്ല. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിമാര്‍ക്കും റെയ്ഞ്ച് ഡി.ഐ.ജി മാര്‍ക്കുമാണ്. ആവശ്യമില്ലാതെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ പാടില്ല. നിയമപ്രകാരമുള്ള നടപടി കൈക്കൊണ്ടശേഷം അത്തരം വാഹനങ്ങള്‍ ഉടന്‍ വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിക്കണം.

പോലീസ് പിടികൂടുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപാതകളുടെ വശത്ത് പാര്‍ക്ക് ചെയ്യുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഇത് താവളമാകുന്നു. ഇക്കാര്യം പൊതുമരാമത്ത് മന്ത്രി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത്തരം വാഹനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ നിയമപ്രശ്‌നം ഉള്ളപക്ഷം റവന്യു അധികൃതരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തി അവ അങ്ങോട്ട് മാറ്റേണ്ടതാണ്. ജില്ലാ കളക്ടറുടെ സഹായത്തോടെ കോഴിക്കോട് നഗരത്തില്‍ ഈ മാതൃക നടപ്പാക്കിവരുന്നു.

എല്ലാ പോലീസ് സ്റ്റേഷനുകളുടേയും സമീപത്തെ റോഡുകളില്‍ പാര്‍ക്ക് ചെയ്ത ഇത്തരം വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് ഒരു മാസത്തിനകം അറിയിക്കാന്‍ സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് നിര്‍ദ്ദേശം നല്‍കി.

Test User: