പുത്തുമല;പുത്തുമലയുടെ ഹൃദയം പിളര്‍ന്ന് ഭൂമി സംഹാരതാണ്ഡവമാടിയ നോവോര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാവുമ്പോഴും അപകടത്തില്‍ കാണാതായ അഞ്ചുപേരെക്കുറിച്ച് ഇനിയും ഒരു വിവരവും ലഭിച്ചില്ല. അറ്റം കാണാത്ത വന്‍മരങ്ങള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കുമൊപ്പം കുതിച്ചെത്തിയ ചളിമണ്ണ് പലയിടങ്ങളില്‍ നിന്നായെടുത്ത 17 മനുഷ്യജീവനുകളിലെ അഞ്ചുപേര്‍ ഇന്നും കണ്ണീരോര്‍മ്മകളുടെ നിലക്കാത്ത നീരൊഴുക്കായി കാണാമറയത്ത് തുടരുകയാണ്.
ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ട പുത്തുമല മുതിരതൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടില്‍ അവറാന്‍ (62), പച്ചക്കാട് കണ്ണന്‍കാടന്‍ അബൂബക്കര്‍ (62), പുത്തുമല എസ്‌റ്റേറ്റില്‍ അണ്ണയ്യ (54), പച്ചക്കാട് എക്കണ്ടത്തില്‍ നബീസ (74) എന്നിവരെക്കുറിച്ചാണ് രണ്ടാണ്ട് കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്തത്.
അപകടം നിടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ 11 പേരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നും ലഭിച്ചിരുന്നു.ദുരന്തം നടന്ന് പത്താംനാള്‍ പുത്തമുലയില്‍ നിന്നും ആറു കിലോമീറ്റര്‍ മാറി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും ഒരു പുരുഷന്റെ മൃതദേഹവും ലഭിച്ചു. ഇത് കര്‍ണാടക സ്വദേശിയും പുത്തുമല എസ്‌റ്റേറ്റിലെ ജീവനക്കാരുനുമായ അണ്ണയ്യന്റെ(54)താണെന്ന് കരുതി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര വക ശ്മശാനത്തില്‍ മൃതദേഹം ചിതയിലേക്കെടുക്കാന്‍ നേരം അവകാശവാദവുമായി അപകടത്തില്‍ കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റെ ബന്ധുക്കള്‍ എത്തി. തുടര്‍ന്ന് ഡി.എന്‍.എ പരിശോധന നടത്തി മൃതദേഹം ഗൗരീശങ്കറിന്റേതാണെന്ന് കണ്ടെത്തുകയും ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കുകയും ചെയ്തു.അണ്ണയന്റേതുള്‍പ്പെടെ മറ്റ് നാല് പേര്‍ക്കുമായി വീണ്ടും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലമുണ്ടാവായില്ല.
2019 ആഗസ്റ്റ് എട്ടിന് വൈകുന്നേരമാണ് പുത്തുമല ദുരന്തമുണ്ടായത്. ഉരുള്‍പൊട്ടലില്‍ 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. ആര്‍ത്തലച്ചെത്തിയ മലവെള്ളത്തിനൊപ്പം ആരാധനാലയങ്ങള്‍, ക്വാട്ടേഴ്‌സുകള്‍, വാഹനങ്ങള്‍, എസ്‌റ്റേറ്റ് പാടി, കാന്റീന്‍, പോസ്‌റ്റോഫീസ് തുടങ്ങിയവയും തുടച്ച് നീക്കപ്പെട്ടു.