അഡ്വ. അഹമ്മദ് മാണിയൂര്‍
പൊലീസ് നടത്തുന്ന അതിക്രമങ്ങളും അധികാര ദുര്‍വിനിയോഗവും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുന്നത് പൊലീസാണെന്നും പൊലീസിനെ മര്യാദ പഠിപ്പിക്കാന്‍ പരിശീലന കേന്ദ്രങ്ങള്‍ വേണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറയുകയുണ്ടായി. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ ഒരു ചടങ്ങിലാണ് പൊലീസ് അതിക്രമങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് രമണ പ്രസംഗിച്ചത്. ആ പ്രസംഗം വാര്‍ത്തയായിവന്ന ദിവസം തന്നെയാണ് കേരളത്തില്‍ അട്ടപ്പാടിയിലെ ആദിവാസി കോളനിയില്‍ പൊലീസ് അതിക്രമം നടത്തുകയും ആദിവാസികള്‍ കൂട്ടമായെത്തി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്ത വാര്‍ത്തയും വന്നത്. പശുവിന് പുല്ലു പറിക്കുന്ന വീട്ടമ്മക്കു പെറ്റി അടിച്ചും വഴിയോരത്തു മീന്‍ വില്‍ക്കുന്ന സ്ത്രീയുടെ മത്സ്യക്കൊട്ട തട്ടിയെറിഞ്ഞും വഴിയോരത്തു നില്‍ക്കുന്നവരെ തല്ലിയും മറ്റും പൊലീസ് നടപ്പിലാക്കുന്ന കോവിഡ് രാജിന്റെ കാഴ്ചകള്‍ ദിനേന സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞുവരുന്നു. അമിതവേഗം പിടികൂടാന്‍ നിന്ന പൊലീസ,് ഒരു സാധാരണ കുടുംബം സഞ്ചരിച്ച വാഹനം മാത്രം തടഞ്ഞുനിര്‍ത്തി പെറ്റി അടിച്ചതിനെ ചോദ്യംചെയ്ത ദമ്പതികളോട് പകവീട്ടാന്‍ രണ്ടര വയസ്സായ പിഞ്ചു കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട് താക്കോലും കൊണ്ട് പോകുന്ന പൊലീസ് ഓഫീസറെയും പൊലീസ് വാഹനത്തില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടു വയസ്സുകാരിയെ നടുറോഡില്‍ നിര്‍ത്തി ആക്രോശിച്ച പിങ്ക് പൊലീസ് വനിതാഓഫീസറെയും നടുക്കത്തോടെ കണ്ടതാണ്.
ഇന്ത്യയില്‍ എല്ലായിടത്തും ഇത്തരം പൗരാവകാശ ധ്വംസനങ്ങളും പൊലീസ് അതിക്രമങ്ങളും വ്യാപകമായി നടക്കുന്നു. മറ്റേതൊരു സംസ്ഥാനത്തെയും പൊലീസിനേക്കാള്‍ മികച്ചതെന്ന് ഖ്യാതിയുള്ള കേരള പൊലീസിനെതിരെയും വലിയ തോതില്‍ പരാതികള്‍ ഉയരുന്നു. എന്താണ് പൊലീസില്‍ സംഭവിക്കുന്നത്? ജസ്റ്റിസ് രമണ നിര്‍ദ്ദേശിച്ച പരിശീലന കേന്ദ്രങ്ങള്‍ വേണ്ടതു പൊലീസിനാണോ അതല്ല പൊലീസിനെ നിയന്ത്രിക്കുന്ന ഭരണമേധാവികള്‍ക്കോ? പൊലീസ് എന്തു ചെയ്താലും അവരെ ന്യായീകരിക്കുക യും സംരക്ഷിക്കുകയും ചെയ്യുന്ന ഭരണകൂട നിലപാടു തന്നെയാണ് പൊലീസിന് പ്രോല്‍സാഹനം. ഒന്നാം കോവിഡ് ലോക്ഡൗണ്‍ കാലത്ത് കണ്ണൂരില്‍ റോഡിലിറങ്ങിയ യുവാക്കളെ പൊരിവെയിലത്തുനിര്‍ത്തി ഏത്തമിടീച്ച് കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വകുപ്പ് ചുമതല വഹിക്കുന്ന മുഖ്യമന്ത്രിതന്നെ വിമര്‍ശിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വീണ്ടും അവസരം കിട്ടിയാല്‍ ഉടുതുണി അഴിപ്പിച്ചുതന്നെ ഏത്തമിടീക്കാന്‍ അവസരം കാത്ത് ആ ഉദ്യോഗസ്ഥന്‍ ഇപ്പോഴും ഉന്നതങ്ങളിലിരിക്കുന്നു.
അന്വേഷണ മികവിലും കുറ്റങ്ങള്‍ തെളിയിക്കുന്നതിലും ധിഷണാപരമായി ഔന്നത്യങ്ങളില്‍ നില്‍ക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. ലോക പ്രസിദ്ധമായ സ്‌കോട്ട്‌ലാന്റ് യാര്‍ഡ് സേനയോളം മികവ് കാണിച്ച അനുഭവങ്ങള്‍ ധാരാളമുണ്ട്. തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ വളരെ ആസൂത്രിതമായി നടത്തിയ അതിസങ്കീര്‍ണ്ണമായ നിരവധി കവര്‍ച്ചാകേസുകളും കൊലക്കേസുകളും കേരള പൊലീസ് നിഷ്പ്രയാസം തെളിയിച്ചെടുത്തിട്ടുണ്ട്. സമ്മര്‍ദ്ദങ്ങളില്ലാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ലോകോത്തര നിലവാരമുള്ള സേനയായിരിക്കും നമ്മുടേത് എന്ന് പലവുരു തെളിയിക്കപ്പെട്ടിട്ടുണ്ട്. പലവിധത്തില്‍ സമ്മര്‍ദ്ദത്തിലാക്കിയും അനീതികള്‍ക്ക് ചൂട്ട്പിടിച്ചും ഭരണ നേതൃത്വം തന്നെ പൊലീസിനെ പൗരാവകാശ ലംഘനങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നു.
കുറ്റകൃത്യങ്ങള്‍ പിടിക്കാന്‍ പൊലീസിന് ക്വാട്ട നിശ്ചയിച്ചുനല്‍കുന്ന രീതി വളരെ വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് വഴിതെളിക്കുന്നത്. ന്യായമായരീതിയില്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമ്പോഴാണ് നിരപരാധികളുടെ മേക്കിട്ടുകയറുകയും സാധാരണക്കാരെ വിഷമിപ്പിക്കുകയും ചെയ്യുന്നത്. മോട്ടോര്‍ വാഹന വകുപ്പിലും എക്‌സൈസ് വകുപ്പിലും മറ്റും ഈ ക്വാട്ടാസമ്പ്രദായം ശക്തമായി നിലവിലുള്ളത്‌കൊണ്ട് നിസ്സാര പിഴവുകള്‍ക്കുപോലും ചിലപ്പോള്‍ നിരപരാധികള്‍ക്കും വലിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ പ്രസിദ്ധിയോടുള്ള അഭിനിവേശം വലിയ ശല്യമായി അനുഭവപ്പെടുന്നതായി പല പത്രപ്രവര്‍ത്തകരും പരാതിപ്പെടുന്നതായി കേട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ക്ക്‌വേണ്ടി പത്രപ്രവര്‍ത്തകര്‍ പ്രധാനമായും ആശ്രയിക്കുന്നത് പൊലീസിനെയാണ്. കൃത്യങ്ങളുടെ വിശദീകരണം നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളും നല്‍കുന്നതിനാണ് പൊലീസ് വ്യഗ്രത കാണിക്കുന്നത്. പ്രതിയെ അറസ്റ്റുചെയ്യാന്‍ പോകുന്ന പൊലീസ് വാഹനത്തിന്റെ ഡ്രൈവറുടെ പേരു പോലും വാര്‍ത്തയില്‍ വരണമെന്ന് പൊലീസ് നിര്‍ബന്ധിക്കാറുണ്ട്. നാട്ടുകാര്‍ പിടിച്ചേല്‍പിച്ചുകൊടുക്കുന്ന പ്രതികളെപോലും ആയിരക്കണക്കിനു മൊബൈല്‍ കോളുകള്‍ പരിശോധിച്ച് കണ്ടെത്തി മല്‍പ്പിടുത്തത്തിലൂടെ സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്തു എന്നും മറ്റുമുള്ള രീതിയില്‍ വാര്‍ത്ത നല്‍കുന്ന ഉദ്യോഗസ്ഥരുമുണ്ട്. മേനി പ്രകടിപ്പിക്കാനുള്ള ഇത്തരം പ്രവണതകള്‍ പൊലീസ് സേനക്കുണ്ടാക്കുന്ന അപമതി വളരെ വലുതാണ്.
പൊലീസ്‌സേനയില്‍ നിന്നുള്ള പൗരാവകാശ ധ്വംസനങ്ങളും നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നതും ഇല്ലാതാക്കാന്‍ സേനയെ രാഷ്ട്രീയ നിയന്ത്രണമുക്തമാക്കുകയാണ് ഒരു പോംവഴി. ഭരണകക്ഷി താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെ നീശബ്ദരാക്കാനോ ചിലപ്പോള്‍ ഇല്ലാതാക്കാന്‍ തന്നെയൊ പൊലീസ് സേനയെ ഉപയോഗിച്ച് ശ്രമങ്ങള്‍ നടക്കുന്ന ധാരാളം സംഭവങ്ങള്‍ ഇന്ത്യയില്‍ പലയിടത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പലപ്പോഴും കോടതികള്‍തന്നെ ഇടപെട്ട് അത്തരം ദുരന്തങ്ങളില്‍നിന്ന് പൗരന്മാര്‍ക്ക് രക്ഷനല്‍കേണ്ടിവരികയും ചെയ്തിട്ടുണ്ട.് നീതിപൂര്‍വം പ്രവര്‍ത്തിക്കുമ്പോള്‍ അത് ഏതെങ്കിലും പാര്‍ട്ടിയുടെ താല്‍പര്യത്തിനെതിരായാല്‍ ആ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ നീതി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. എം.വി രാഘവന്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ 1994 നവംബറില്‍ കൂത്തുപറമ്പില്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരില്‍നിന്ന് എം.വി.ആറിനെ രക്ഷിക്കാന്‍ പൊലീസിനു വെടിവെക്കേണ്ടിവരുകയും അഞ്ചു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തു. അതിന്‌ശേഷം അധികാരത്തില്‍വന്ന ഇടതുമുന്നണി ഗവണ്‍മെന്റില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വെടിവെക്കാന്‍ ഉത്തരവിട്ട കണ്ണൂര്‍ എ.ഡി.എമ്മിനും അളവറ്റ പ്രതികാരങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ഇത്തരത്തില്‍ രാഷ്ട്രീയ പ്രതികാരത്തിനിരയാകേണ്ടിവന്ന ഛത്തീസ്ഗഡിലെ ഒരു പൊലീസ് ഓഫീസറുടെ കേസില്‍ ഓഗസ്റ്റ് 26 ന് വാദം കേള്‍ക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് രമണ രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തുകയുണ്ടായി.
പൊലീസ് സേനയെ പൂര്‍ണ്ണമായും രാഷ്ട്രീയ ഭരണ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുകയും ജുഡീഷ്യറിയുടെ നിയന്ത്രണത്തില്‍ നിര്‍ത്തുകയും ചെയ്താല്‍ മാത്രമെ രാഷ്ട്രീയ വിധേയത്വമില്ലാതെ നിഷ്പക്ഷവും നീതിപൂര്‍വവുമായ പൊലീസ് സേവനം പ്രതീക്ഷിക്കാന്‍ കഴിയുകയുള്ളു. ഇപ്പോള്‍തന്നെ ജുഡീഷ്യറിയുടെ അവിഭാജ്യഘടകമാണല്ലൊ പൊലീസ്‌സേന. നിയമനം, നിയന്ത്രണം, സ്ഥലംമാറ്റം, ശിക്ഷ എന്നിവയെല്ലാം ജുഡീഷ്യറിയിലായിരിക്കണം. രാഷ്ട്രീയ നേതൃത്വത്തോടല്ല ജുഡീഷ്യറിയോടായിരിക്കണം അവര്‍ക്കു ബാധ്യത. നിയമകാര്യങ്ങളെല്ലാം ജുഡീഷ്യറി നോക്കുമ്പോഴും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിയമവകുപ്പും മന്ത്രിയും നിലവിലുണ്ടല്ലൊ. ഇത്തരത്തില്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് ആഭ്യന്തര വകുപ്പും ആഭ്യന്തര മന്ത്രി പദവിയും നിലനിര്‍ത്താനുമാകും. പൊലീസിനെ ചില വര്‍ഗീയ സംഘടനകള്‍ നിയന്ത്രിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ അടുത്ത കാലത്തുണ്ടായി. ജുഡീഷ്യറിയുടെ നിയന്ത്രണത്തിലാകുമ്പോള്‍ അത്തരം സാഹചര്യങ്ങളും ഇല്ലാതാകും. ജനങ്ങള്‍ക്ക് സ്വസ്ഥതയും സമാധാനവും നല്‍കലാണ് പൊലീസിനെക്കൊണ്ടുള്ള ലക്ഷ്യം. അവ ജനങ്ങളുടെ മൗലികാവകാശവുമാണ്. മനുഷ്യാവകാശ ധ്വംസനം നടത്തുകയും ജനങ്ങളുടെ സൈ്വര്യം കെടുത്തുകയും ചെയ്യുന്ന പൊലീസ് സാമൂഹിക ദുരന്തമാണ്.