X

സര്‍ക്കാര്‍ അവകാശവാദങ്ങള്‍ പൊളിയുന്നു :ഈ വര്‍ഷം ഇതുവരെ ബലാത്സംഗ കേസുകള്‍ 1513; പോക്‌സോ 1225

സ്തീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാനായെന്ന് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുമ്പോഴും സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1513 ബലാത്സംഗ കേസുകളും 1225 പോക്‌സോ കേസുകളും. ബോധവല്‍ക്കരണം, ടോള്‍ഫ്രീ നമ്പരുകള്‍, പ്രത്യേക പോലീസ് സംവിധാനം തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊന്നും പീഢനങ്ങള്‍ കുറയ്ക്കാനാകുന്നില്ലെന്നാണ് ഭീമമായ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പൊലീസിന്റെ ക്രൈം റെക്കോര്‍ഡ് സ്റ്റാറ്റിറ്റിക്‌സ് കണക്കുകള്‍ പ്രകാരം ബലാത്സംഗ കേസുകളില്‍ 627 ഇരകളും ചെറിയ പെണ്‍കുട്ടികളാണ്. 15 കുട്ടികള്‍ക്ക് ലൈംഗികാതിക്രമത്തിനിടെ ജീവന്‍ നഷ്ടമായി. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക ചൂഷണം എന്നിവയുള്‍പെടെ 1639 കേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകളോട് ലൈംഗികാതിക്രമം കാട്ടിയതിന് 1437 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഇതുവരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്.

പോക്‌സോ കേസുകള്‍ കൂടുതലും തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ നാലുമാസത്തിനിടെ 140 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചയ്യപ്പെട്ടത്. മലപ്പുറത്ത് 184 കേസുകള്‍. കൊല്ലം 119, തൃശ്ശൂര്‍ 119, കോഴിക്കോട് 105 എന്നിങ്ങനെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. കോവിഡ് കാലത്തിന് മുമ്പ് 2019ല്‍ സംസ്ഥാനത്താകെ 3609 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 3019 കേസുകള്‍ കോവിഡ് പിടിമുറുക്കിയ 2020ലും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഈ രണ്ട് വര്‍ഷങ്ങളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പോക്‌സോ കേസുകളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നു.

2019ല്‍ മലപ്പുറത്ത് 444 പോക്‌സോ കേസുകളും 2020ല്‍ ഇത് 379 ഉം ആണ്. തിരുവനന്തപുരത്ത് ഇത് യഥാക്രമം 464 ഉം 351 ഉം ആണ്. കൊല്ലം ജില്ലയില്‍ 2019ല്‍ 289ഉം 2020ല്‍ 250ഉം ആണ്. തൃശൂര്‍ ജില്ലയില്‍ ഇത് യഥാക്രമം 302, 234 എന്നിങ്ങനെയാണ്. കോഴിക്കോട് ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ 2019ല്‍ 334 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020ല്‍ 260 പോക്‌സോ കേസുകളാണുണ്ടായത്.

കോവിഡ് സാഹചര്യത്തില്‍ 2020 മുതല്‍ കുട്ടികള്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. എന്നിട്ടുപോലും അവര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുറയുന്നില്ല. 2021 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 572 കേസുകളാണ്. പോക്‌സോ കേസുകളില്‍ പകുതിയിലേറേയും ഇത്തരം പീഡനങ്ങളാണെന്നതാണ് ഞെട്ടിക്കുന്നത്.

അതേസമയം ഈവര്‍ഷം ആദ്യ അഞ്ച് മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ ആറ് സ്ത്രീധന മരണങ്ങള്‍ മാത്രമ നടന്നിട്ടുള്ളുവെന്നും പൊലീസിന്റെ ക്രൈം സ്റ്റാറ്റിറ്റിക്‌സ് വ്യക്തമാക്കുന്നു. 2016 മുതല്‍ ഓരോ വര്‍ഷവും സംസ്ഥാനത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ കൂടി വരികയാണ്.

 

Test User: