കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് ഇപ്പോൾ സ്വത്ത് കണ്ടെത്തൽ നടപടികളിൽ കേരള പോലീസ് സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ ജനാധിപത്യവിരുദ്ധവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയും ആയിരുന്നു എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അതിന്റെ പേരിൽ ഏതൊരാളുടെ മേലിലും കുതിര കയറാമെന്ന പോലീസ് നയം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി നിയമം നടപ്പാക്കാനാണ് ആവശ്യപ്പെട്ടത്, അല്ലാതെ നിരപരാധികളുടെ മേൽ അക്രമം കാണിക്കാനല്ല. പോപ്പുലർ ഫ്രണ്ടും, മുസ്‌ലിം ലീഗും ഇരു ദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങൾ ആണ്. ഈ പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണോ കേരള പോലീസിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
പോപ്പുലർ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്‌ലിം ലീഗിന്റെയും, പോപ്പുലർ ഫ്രണ്ട് ഇതര സംഘടനകളുടെയും പ്രവർത്തകർക്ക് നേരെ അക്രമം കാണിച്ച പോലീസ് നടപടി സർക്കാറിന്റെ നയം തന്നെയാണോ എന്നത് സർക്കാർ വ്യക്തമാക്കണം. എന്ത് തലതിരിഞ്ഞ നയമാണിത് ?പോലീസിന്റെ അനീതിയിൽ അധിഷ്ടിഷ്ഠിതമായ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു