X

രണ്ടാം വരവിലെ പിണറായി പൊലീസിന്റെ വികൃത മുഖം

കെ.കുട്ടി അഹമ്മദ് കുട്ടി

നന്മയെ തിന്മയായും തിന്മയെ നന്മയായും കരുതുന്ന ഒരു കാലമാണിത്. വിപണിയുടെ പിടിയിലാണിന്നു ലോകം. പരസ്യങ്ങള്‍കൊണ്ട് നല്ലതിനെ ചീത്തയാക്കാനും ചീത്തയെ നല്ലതാക്കാനും കഴിയും. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കേരളം കണ്ടതില്‍ വച്ചു ഏറ്റവും മോശവും ജനവിരുദ്ധവുമായ ഇടതു ഗവണ്‍മെന്റിനെ വ്യാജ പ്രചാരണത്തിലൂടെ നല്ലതാണെന്ന പ്രതീതി ഉണ്ടാക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞു. വര്‍ഗീയത ആളിക്കത്തിച്ച് ജനങ്ങളെ രണ്ടു ചേരിയല്‍ ആക്കാനും കഴിഞ്ഞു. പരസ്യങ്ങളുടെ പ്രഭാപൂരത്തില്‍ വിസ്മയിച്ചു നിന്നുപോയി ജനങ്ങള്‍. നീതിയുടെ ശബ്ദത്തില്‍ അനീതിയും അധികാരവും സംസാരിച്ചു, ജനങ്ങള്‍ കബളിപ്പിക്കപ്പെട്ടു. ഇടതുപക്ഷത്തെ നല്ലതെന്നു കരുതി വീണ്ടും അധികാരത്തിലേറ്റി. കാലമേറെ കഴിയും മുമ്പേ ഭരണത്തിന്റെ പോക്കു കണ്ട് അഭിശപ്തമായ ഒരു അശുഭ നിമിഷത്തില്‍ ഇടതു മുന്നണിക്ക് വോട്ടു ചെയ്തുപോയതില്‍ ഏറെ ദു:ഖിക്കുകയാണിപ്പോള്‍ കേരള ജനത.

രണ്ടാം വരവിലെ പിണറായിയുടെ പൊലീസ് കേരളത്തെ സ്വര്‍ണ്ണക്കടത്തുകാരുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും വിഹാര ഭൂമിയാക്കി മാറ്റിയിരിക്കയാണ്. ഭീതിതമായ ഒരു അന്തരീക്ഷമാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടായിസം കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ ജനങ്ങള്‍ എങ്ങനെ ഭയപ്പെടാതിരിക്കും. കഴിഞ്ഞ ഭരണത്തില്‍ ലോക്കപ്പു കൊലകളുടെയും പൊലീസ്‌സ്റ്റേഷനില്‍ ക്രൂരമായ മര്‍ദ്ദനമേറ്റവരുടെ ആര്‍ത്തനാദങ്ങളുടെയും പേരിലുള്ള കുപ്രസിദ്ധിയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസിനുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ കൊലയാളികള്‍ക്കും കള്ളക്കടത്ത് മാഫിയകള്‍ക്കും ജയിലില്‍ സുഖ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലാണ് ദുഷ്‌കീര്‍ത്തി നേടുന്നത്. ടി.പി ചന്ദ്രശേഖരനെ അന്‍പത്തി ഒന്നു വെട്ടു വെട്ടി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജയിലില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍, തോന്നിയപോലെ പരോള്‍ എല്ലാം നല്‍കുകയാണ്. അവര്‍ക്ക് ജയിലില്‍ സ്വര്‍ണ്ണകളക്കടത്ത് ആസൂത്രണം ചെയ്യാന്‍ സൗകര്യം ചെയ്തു കൊടുത്തു. കൊലയാളികളെയും ക്വട്ടേഷന്‍ സംഘങ്ങളെയും സ്വര്‍ണ്ണക്കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന പൊലീസാണ് രണ്ടാം വരവിലെ പിണറായി പൊലീസ്. ഏറ്റവും പരിഹാസ്യമായ ഒന്ന് ക്വട്ടേഷന്‍ സംഘങ്ങളുടെ സ്വാധീനത്തില്‍ യുവാക്കള്‍ ഉള്‍പ്പെട്ടു പോകുന്നതിന്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രചാരണ ജാഥകള്‍ നടത്തുകയുണ്ടായി. ഇത് ആരെ ബോധിപ്പിക്കാനാണ്. നാട്ടില്‍ മുഴുവന്‍ മദ്യമൊഴുക്കിയിട്ട് മദ്യവര്‍ജ്ജനമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പറയുന്നപേലെയല്ലേ ഇത്. ഈ ജാഥയുടെ സമാപന യോഗത്തില്‍ വൈദ്യുതി വെളിച്ചം ഉണ്ടായില്ല. ക്വട്ടേഷന്‍കാര്‍ ഫ്യൂസ് ഊരിയതാണത്രെ! മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് യോഗം നടന്നത് എന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയ സംഘത്തെ പിന്തുടരുമ്പോഴുണ്ടായ വാഹനാപകടത്തില്‍ അഞ്ചു ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് സി.പി.എമ്മിന്റെ പ്രവര്‍ത്തകരില്‍ മാഫിയാ സംഘങ്ങളുമായി ആഴമേറിയ ബന്ധമുണ്ടെന്ന വസ്തുത വെളിച്ചത്ത് വരുന്നത്. വളരെയേറെ ശബ്ദ കോലാഹലങ്ങളുണ്ടാക്കിയ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നടന്ന സ്വര്‍ണ്ണക്കള്ളക്കടത്ത്, ഡോളര്‍ കടത്ത് എല്ലാം ആവി ആയിപ്പോയി. പകരം ബി.ജെ.പിക്കെതിരെയുള്ള കേസുകള്‍ എല്ലാം മരവിപ്പിച്ചു. മുമ്പ് ബി. ജെ.പി, സി.പി.എം ബന്ധം രഹസ്യമായിരുന്നു. ഇപ്പോള്‍ അത് പരസ്യമായ ബാന്ധവമാണെന് ജനങ്ങള്‍ക്ക് ബോധ്യമായി.

ശുഐബ് വധത്തിലും ഷുക്കൂര്‍ വധത്തിലും ശരത് ലാല്‍, കൃപേഷ് വധത്തിലുമെല്ലാം പ്രതികള്‍ക്ക് സംരക്ഷണം കൊടുക്കുന്ന സമീപനമാണ് ഗവണ്മെന്റ് സ്വീകരിച്ചത്. ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കി സി.ബി.ഐ അന്വേഷണത്തില്‍നിന്ന് പ്രതികളെ രക്ഷപ്പെടുത്താന്‍ സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടുവന്നു. ലോകത്തു തന്നെ ആദ്യത്തേത് ആയിരിക്കും ഒരു ഗവണ്മെന്റ് പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകരെ കൊണ്ടു വരുന്നത്. നാളിതുവരെയുള്ള നീതിശാസ്ത്രങ്ങളുടെ താളിയോലക്കെട്ടുകള്‍ മുഴുവന്‍ പരതിയാലും ഇതിനൊരു ന്യായീകരണം കണ്ടെത്താന്‍ ആവില്ല.

കഴിഞ്ഞ നിയമസഭയില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നടത്തിയ പേക്കൂത്തുകളില്‍ കസേരകളും മൈക്കുകളും മറ്റു ഉപകരണങ്ങളുമെല്ലാം തല്ലിതകര്‍ത്ത കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതി വരേ പോയി. സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ സി.പി.എമ്മിന്റെ നേതാക്കളെ ലജ്ജിപ്പിക്കുന്നില്ലെങ്കിലും കേരളത്തിന് ആകെ അപമാനമാണ്. ഇനിയും നാണം കെടാതിരിക്കാന്‍ ഇവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള ഹരജി പിന്‍വലിക്കുന്നതാണ് നല്ലത്.
കേരളം ഉല്‍ബുദ്ധമായ സംസ്ഥാനമാണെന്ന് അഹങ്കരിച്ചിരുന്നവരാണ് നാം. ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ഒട്ടേറെ മുന്നോട്ടുപോയവരുമാണ്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നാം മുന്നില്‍ തന്നെയാണ്. ഉയര്‍ന്ന പദവികളില്‍ ഒട്ടേറെ സ്ത്രീകള്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്. കേരളത്തെ ഞെട്ടിപ്പിക്കുന്ന ഒന്നാണ് സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍. സ്ത്രീ ധനമായി കിട്ടാവുന്നത്ര പണവും സ്വത്തുക്കളും പിടിച്ചുപറിച്ചശേഷം വിഷപ്പാമ്പിനെ വാടക്കക്ക് എടുത്ത് ഭാര്യയെ കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് ക്രൂരതയുടെ പ്രതീകമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു പറഞ്ഞു. വിദ്യാസമ്പന്നനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്ത്രീധനമായി ഒട്ടേറെ പൊന്നും പണവും കിട്ടിയിട്ടും അതിനോടൊപ്പം കിട്ടിയ കാറിന് മികവു പോരെന്ന് പറഞ്ഞ് നിരന്തരം നടത്തിയ പീഢനത്തെതുടര്‍ന്ന് ബി.എ.എം.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വിസ്മയ ആത്മഹത്യ ചെയ്തു. ഇതിന്റെ നടുക്കം മാറുന്നതിന് മുന്‍പ് തിരുവനന്തപുരം വെഞ്ഞാറംമൂടില്‍ നിന്ന് സ്ത്രീധനത്തിന്റെ പേരിലുള്ള ഒരു മരണം റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ ആറു മാസത്തിനിടെ 754 ബലാത്സംഗ കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തതായി കാണുന്നു. വിവിധ തരത്തിലുള്ള പീഢനങ്ങളുടെ പേരില്‍ 1331 കേസുകളും പെണ്‍കുട്ടികളെ ശല്യം ചെയ്ത സംഭവങ്ങളില്‍ 136 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം ഇവിടെ നിലനില്‍ക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് അത് ഇല്ലാതാക്കുമെന്ന് അധികാരികളുടെ പ്രസ്താവനകള്‍ നിരന്തരം ഉണ്ടാവുന്നുണ്ടെങ്കിലും സ്ത്രീ കേരളത്തില്‍ സുരക്ഷിതയല്ല. പൊലീസിന് അര്‍ജുന്‍ ആയങ്കിമാരുടെയും ആകാശ് തില്ലങ്കേരിമാര്‍ക്കും ടി.പി വധക്കേസില്‍ ജയിലിലായ കൊടി സുനി അടക്കമുള്ള കൊടും ക്രിമിനലുകള്‍ക്കും സുരക്ഷയും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിനും മാത്രമേ കേരളാ പൊലീസിന് സമയമുള്ളൂ. ഇതാണ് രണ്ടാം വരവിലെ പിണറായിയുടെ പൊലീസിന്റെ മുഖം.

 

 

Test User: