പെരുമ്പാവൂര്‍: എസ്.സി വിഭാഗത്തിന് നിര്‍മിച്ച പാര്‍പ്പിട സമുച്ചയം കാടുകയറി നശിക്കുന്നു. നിയോജകമണ്ഡലത്തിലെ കൂവപ്പടി പഞ്ചായത്തില്‍ 12ാം വാര്‍ഡില്‍ കയ്യുത്തിയാല്‍ പള്ളിക്ക് പിന്നിലാണ് സമുച്ചയം. 2015ല്‍ പി.വൈ. പൗലോസ് പ്രസിഡന്റായിരുന്നപ്പോള്‍ ഉദ്ഘാടനം ചെയ്തതാണിത്.
ആറ് കുടുംബത്തിന് താമസിക്കാന്‍ പദ്ധതിയിട്ടാണ് നിര്‍മാണം ആരംഭിച്ചത്. ഉദ്ഘാടനം ചെയ്തതല്ലാതെ ഒരു കുടുംബത്തിനുപോലും താമസ സൗകര്യമൊരുക്കിയില്ലെന്നാണ് ആക്ഷേപം. പഞ്ചായത്ത് പരിധിയില്‍ നിരവധി പിന്നാക്ക വിഭാഗം കുടുംബങ്ങള്‍ കയറിക്കിടക്കാന്‍ ഇടമില്ലാതെ കഴിയുമ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം നശിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.
പഞ്ചായത്തിന്റെ ഒരേക്കര്‍ 37 സെന്റിലെ ഒരുഭാഗത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. എസ്റ്റിമേറ്റില്‍ കവിഞ്ഞ് പണി നടത്തിയെന്ന കാരണത്താല്‍ കരാറുകാരന് പണം ലഭിക്കാത്തതാണ് മുന്നോട്ടുള്ള കാര്യങ്ങള്‍ക്ക് തടസ്സമായതെന്നാണ് വിവരം. കഴിഞ്ഞ ഭരണസമിതിയില്‍ പിന്നാക്ക വിഭാഗത്തിനായിരുന്നു പ്രസിഡന്റ് സ്ഥാനം. എന്നിട്ടും കെട്ടിടം സൗകര്യപ്പെടുത്താന്‍ നടപടിയെടുത്തില്ല. വെള്ളവും വെളിച്ചവും റോഡും ഉള്‍പ്പെടെ സൗകര്യങ്ങളുള്ള സ്ഥലത്ത് ഇനിയും വാസസൗകര്യം ഒരുക്കാനാകുമെന്നിരിക്കെ ഈ ഭരണസമിതിയും അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
സ്ഥലം വാങ്ങുമ്പോള്‍ അംഗന്‍വാടിയും കളിസ്ഥലവും ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മിക്കാനായിരുന്നു ആലോചിച്ചതെന്നും എന്നാല്‍, അന്നത്തെ ഭൂരിപക്ഷ തീരുമാനത്തെ തുടര്‍ന്ന് ഫ്‌ലാറ്റ് രൂപത്തില്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പി.വൈ.
പൗലോസ് പറഞ്ഞു. നിലവിലെ കെട്ടിടത്തില്‍ താമസ സൗകര്യമൊരുക്കാനും ബാക്കിയുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിച്ച് നല്‍കാനും വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് എസ്.സി വിഭാഗത്തിന്റെ ആവശ്യം.