ഇസ്രാഈലി കമ്പനിയുടെ ചാര സോഫ്ഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും 40 പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും ഫോണുകള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യാ ടുഡേ, നെറ്റ്‌വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഫോണുകളാണ് ഇത്തരത്തില്‍ ചോര്‍ത്തിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ദി വയര്‍ ഡിപ്ലോമാറ്റിക് എഡിറ്റര്‍, രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും ഇതിലുണ്ട്.
ഇന്ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനാരിക്കെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
അമിത് ഷായുടെ മകന്‍ ജയ് ഷായുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രോഹിണി സിങും പട്ടികയിലുണ്ട്. റഫാലിനെ കുറിച്ച് അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തിയിരുന്ന മുന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ജേണലിസ്റ്റ് സുശാന്ത് സിങിനെ 2018 മധ്യം വരെ പെഗാസസ് നിരീക്ഷിച്ചിരുന്നതായാണ് കണ്ടെത്തല്‍. ഹിന്ദുസ്ഥാന്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശിഷിര്‍ ഗുപ്ത, മുന്‍ ബ്യൂറോ ചീഫ് പ്രശാന്ത് ഝാ, കോണ്‍ഗ്രസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഔറംഗസീബ് നഖ്ഷബന്ദി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്തകള്‍ ചെയ്യുന്ന റിതിക ചോപ്ര, കശ്മീര്‍ വാര്‍ത്തകള്‍ ചെയ്യുന്ന മുസമ്മില്‍ ജമീല്‍, ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിരോധ റിപ്പോര്‍ട്ടര്‍ സന്ദീപ് ഉണ്ണിത്താന്‍, ഇന്ത്യാടുഡേ സുരക്ഷാ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്ന മനോജ് ഝാ, ആഭ്യന്തര മന്ത്രാലയ വാര്‍ത്ത കവര്‍ ചെയ്യുന്ന ടിവി 18 റിപ്പോര്‍ട്ടര്‍ മനോജ് ഗുപ്ത, ദി ഹിന്ദു റിപ്പോര്‍ട്ടര്‍ വിജായിത സിങ്, ദിവയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ദാര്‍ത്ഥ വരദ രാജന്‍, എം.കെ വേണു, ദേവിരൂപ മിത്ര തുടങ്ങിയവരും പെഗാസസ് നിരീക്ഷിച്ചവരുടെ പട്ടികയിലുണ്ട്.
2018-19ല്‍ മുഖ്യധാരയിലുണ്ടായിരുന്ന ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തന രംഗത്തില്ലാത്തവരും പെഗാസസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും പുറത്തു വന്ന രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തുന്നത്. ഇതിനു പിന്നില്‍ ആരാണെന്നതാണ് ഇനി അറിയാനിരിക്കുന്നത്. ഒരു ഭരണ ഘടനാ സ്ഥാപനത്തേയും പെഗാസസ് ലക്ഷ്യമിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ സത്യവസ്ഥ പുറത്തു വിടണമെന്ന് ഇതിനോടകം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.