X

ഉരുള്‍ കവര്‍ന്ന പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്‌

ഇടുക്കി: ഉരുള്‍ ഒഴുകിയെത്തി 70 ജീവനുകള്‍ നഷ്ടമായ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 12 പേര്‍ മാത്രം ദുരന്തത്തെ അതിജീവിച്ചു. ഇരുള്‍പുലര്‍ന്നപ്പോള്‍ പെട്ടിമുടിയില്‍ കണ്ട കാഴ്ച്ച അത്യന്തം ഭയാനകവും സമാനതകള്‍ ഇല്ലാത്തതുമായിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ക്കിടയിലൂടെ നാടൊന്നാകെ ദുരന്തഭൂമിയിലേക്കോടിയെത്തി. കണ്‍മുമ്പില്‍ കാണുന്നതിലും വലുതായിരുന്നു പെട്ടിമുടിയില്‍ സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കിലോമീറ്ററുകള്‍ ദൂരത്തുനിന്നുവരെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കനത്ത മഴയും മുടല്‍മഞ്ഞും വന്യജീവി സാന്നിധ്യവുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി.കൊവിഡ് ആശങ്ക നിലനിന്നിട്ടും ഒറ്റകെട്ടായി കൈമെയ് മറന്നെല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നു.ഒരുമാസത്തോടടുത്ത തിരച്ചില്‍ ജോലികള്‍ക്കൊടുവില്‍ നാല് പേരൊഴികെ മറ്റെല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായി.

ദുരന്തത്തില്‍ മരിച്ചവരെ സമീപത്തെ മൈതാനത്താണ് അടക്കം ചെയ്തത്. ദുരന്തം നടന്ന് ഒരാണ്ട് പിന്നിടുമ്പോള്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ നേതൃത്വത്തില്‍ ഓരോരുത്തര്‍ക്കും ഇവിടെ പ്രത്യേകമായി കല്ലറകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.സ്ലാബുകള്‍ക്ക് മുകളില്‍ ഓരോരുത്തരുടെയും പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കി സ്മാരകം നിര്‍മ്മിച്ചിട്ടുണ്ട്.

മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍പോയ വഴിയെ ഇന്നൊരു നീര്‍ച്ചാല്‍ ഒഴുകുന്നുണ്ട്.കണ്ണുനീരുറഞ്ഞ് ചേര്‍ന്ന ദുരന്തഭൂമി ഇന്ന് നിശബ്ദമാണ്.ഉള്ളുലക്കുന്ന ഉറ്റവരുടെ ഓര്‍മ്മകളുമായി ദുരന്തത്തെ അതിജീവിച്ചവര്‍ ഇടക്കിടെ ഇവിടെത്തി വിതുമ്പലടക്കി മടങ്ങും.കല്ലും മണ്ണും നിറഞ്ഞിടംകാടുപിടിച്ച് കിടക്കുന്നു. ഉരുള്‍ തകര്‍ത്ത വാഹനങ്ങളുടെയും ലയങ്ങളുടെയും അവശിഷ്ടങ്ങള്‍ എല്ലാത്തിനും മൂകസാക്ഷിയായി ദുരന്തഭൂമിയില്‍ അങ്ങനെ തന്നെ കിടക്കുന്നു. നൊമ്പര കാഴ്ചകളായി കുരുന്നുകളുടെ കളിപ്പാവകള്‍ അങ്ങിങ്ങായി ചിതറികിടപ്പുണ്ട്.

 

Test User: