ഇ.പി ജയരാജന്‍ വിവാദം കത്തി നില്‍ക്കുന്നതിനിടെ രണ്ടുദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. എ.കെ.ജി ഭവനില്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യോഗത്തിന്റെ അജണ്ടയില്‍ ജയരാജന്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല.ഇ.പി ജയരാജനെതിരെ പി.ജയരാജന്റെ സാമ്പത്തിക ആരോപണം പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നതിനിടെയാണ് പോളിറ്റ് ബ്യൂറോയോഗം.
പാര്‍ട്ടിക്കുള്ളിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ തമ്മില്ലുള്ള അടിസ്ഥാന പ്രശ്‌നമെന്താണെന്നും സാമ്പത്തിക ആരോപണത്തിന്റെ വിശദാംശങ്ങളും കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആരാഞ്ഞിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെ പി ബി യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കും. ആരോപണത്തില്‍ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തെങ്കിലും പറയാന്‍ ഉണ്ടെകിലും മാധ്യമങ്ങളെ അറിയിക്കാമെന്നായിരുന്നു യോഗത്തിനെത്തിയ മുഖ്യമന്ത്രിയുടെ പ്രതികരണം.
ജനുവരിയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. കൂടാതെ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, ഷാഹി ഈദ് ഗാഹ് മസ്ജിദ് വിഷയങ്ങളും യോഗംചര്‍ച്ച ചെയ്യും.