X

അത്താണികളെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് അകത്തേത്തറ പഞ്ചായത്ത്

പാലക്കാട് : ഒരു കാലഘട്ടത്തിന്റെ ചുമട് താങ്ങിയ അത്താണികള്‍ ഇനി സംരക്ഷിത സ്മാരകങ്ങള്‍. അകത്തേത്തറ പഞ്ചായത്താണ് അത്താണികളെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. പാല്‍ഘാട്ട് ഹിസ്റ്ററി ക്ലബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ചീക്കുഴി, കല്ലേ കുളങ്ങര, റെയില്‍വേ കോളനി, അകത്തേത്തറ , പൈറ്റാംകുന്ന്, ധോണി എന്നിവിടങ്ങളിലെ ആറ് അത്താണികളാണ് ഉള്‍പ്പെട്ടത്.ഗ്രാമത്തിന്റെ അടയാളവും നാട്ടു വിശേഷങ്ങളുടെ വേദിയുമായിരുന്ന അത്താണികളെ കരിങ്കല്ലുകൊണ്ട് സംരക്ഷണ പീoമൊരുക്കി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡും സ്ഥാപിച്ചാണ് സംരക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ ചീക്കുഴി ,കല്ലേക്കുളങ്ങര അത്താണികള്‍ക്കാണ് സംരക്ഷണ പീഠമൊരുക്കി.

അകത്തേത്തറ ഗ്രാമപഞ്ചത്ത് ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി പഞ്ചായത്തിലെ ചരിത്രവും , പൈതൃകം മായി ബന്ധപ്പെട്ട എല്ലാ നിര്‍മ്മിതികളെയും വസ്തുക്കളെയും സംരക്ഷിത സ്മരകങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ആദ്യപടിയായാണ് അത്താണി സംരക്ഷണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണനും കേരളത്തില്‍ ആദ്യമായാണ് അത്താണികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുന്നതെന്ന് ബി എം സി മെമ്പറും പാല്‍ഘാട്ട് ഹിസ്റ്ററി ക്ലബ് സെക്രട്ടറിയുമായ അഡ്വ.ലിജോ പനങ്ങാടന്‍ അഭിപ്രായപ്പെട്ടു .

പാല്‍ഘാട്ട് ഹിസ്റ്ററി ക്ലബ് കഴിഞ്ഞ ഒരു വര്‍ഷമായി നടത്തി വരുന്ന ജനകീയ സര്‍വ്വേയിലൂടെയാണ് അത്താണികളെ അടയാളപ്പെടുത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ചവരുടെ പേരുവിവരവും ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ക്കും , ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേക്കും, പൊതുമരാമത്ത് വകുപ്പിനും , നഗര ആസൂത്രണ വിഭാഗത്തിനും ,അതത് പഞ്ചായത്തുകള്‍ക്കും കൈമാറുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാളിതുവരെ 128 അത്താണികള്‍ കണ്ടെത്തിയിട്ടുണ്ട്.

നാടിന്റെയും,റോഡിന്റെയും വികസനം അത്താണികളെ ഒന്നൊന്നായി കടപുഴക്കിയെങ്കിലും കാലത്തെ അതിജീവിച്ച അത്താണികള്‍ പലയിടത്തും തലയുയത്തി നില്ക്കുന്നു. അവശേഷിച്ച അത്താണികളെ സംരക്ഷിക്കുകയെന്നതാണ് ജനകീയ സര്‍വ്വേയിലൂടെ പാല്‍ഘാട്ട് ഹിസ്റ്ററി ക്ലബ് ലക്ഷ്യമിടുന്നത്.രാജഭരണകാലം മുതല്‍ ബ്രിട്ടീഷ് ഭരണകാലം വരെ മൂരി വണ്ടികളിലും
ഉന്തുവണ്ടികളിലും തലച്ചുമടായുമാണ് ചരക്കുനീക്കം നടന്നിരുന്നത്. വഴിയാത്രക്കാര്‍ക്കും ,തലച്ചുമടായി വരുന്നവര്‍ക്ക് പരസഹായമില്ലാതെ ചുമട് ഇറക്കിവച്ച് വിശ്രമിക്കാനുള്ള ഇടമായിരുന്നു അത്താണികള്‍ .ഇതൊടനുബന്ധിച്ച് തണല്‍മരങ്ങളും ചുമുട് എടുത്തു വരുന്നവര്‍ക്കും , വഴി നടന്നു വരുന്നവര്‍ക്കും ദാഹം തീര്‍ക്കാനായി മോര് വെള്ളം നല്കുന്ന തണ്ണീര്‍ പന്തലുമുണ്ടായിരുന്നു. ‘അത്താണി ‘ ‘ തണ്ണീര്‍ പന്തല്‍ ‘ പിന്നീട് സ്ഥലനാമങ്ങളായി രൂപാന്തരപ്പെട്ടു

ചരക്കുനീക്കം സുഗമമാക്കുന്നതിനു വേണ്ടി രാജാക്കന്മാരാണ് അത്താണികള്‍ സ്ഥാപിച്ചിരുന്നത് . പ്രദേശികമായി നാട്ടുപ്രമാണിമാരും പലയിടത്തും പങ്കാളിയായി.ജന്മ- ചരമദിന ഓര്‍മ്മക്കായി അത്താണികള്‍ സ്ഥാപിച്ചിരുന്നുവെന്ന് അത്താണിയില്‍ കൊത്തി വച്ച എഴുത്തുകള്‍ സൂചിപ്പിക്കുന്നു.പ്രസവിക്കാതെ മരണപ്പെട്ട ഗര്‍ഭിണികളുടെ ഓര്‍മ്മക്കായും അത്താണി സ്ഥാപിച്ചിരുന്നു.ഗര്‍ഭഭാരം ഇറക്കി വെയ്ക്കാന്‍ കഴിയാതെ പ്രയാസപ്പെട്ടതു പൊലെ തല ചുമടിന്റ ഭാരം കൊണ്ട് ഒരാളും സങ്കടപ്പെടരുതെന്ന ആശയമായിരുന്നു ഇതിനു പിന്നില്‍.കാളവണ്ടിയുഗത്തില്‍ നിന്ന് യാന്ത്രികയുഗത്തിലേക്കുള്ള മാറ്റത്തിന് നിശബ്ദ സാക്ഷിയായ അത്താണികള്‍ ഗതകാല സമരണകളുടെ ചരിത്രം പറയുകയാണ്.

 

Test User: