പാലക്കാട് : 2023 – 24 സാമ്പത്തിക വര്‍ഷത്തിലേക്ക് സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് ഭിന്നശേഷി മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വേദനാജനവുമാണെന്ന് സേവ് ദ ഫാമിലി. ബൗദ്ധിക – മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ കുടുംബങ്ങളില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന അനര്‍ഥങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പ്രത്യേകമായി ഈ ബഡ്ജറ്റില്‍ ഒന്നും തന്നെ വകയിരുത്തിയിട്ടില്ലെന്ന് സേവ് ദ ഫാമിലി സംസ്ഥാന പ്രസിഡന്റ് കെ. മുജീബ് പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുകയോ പെന്‍ഷന്‍ ഗുണഭോക്താക്കളായ ഭിന്നശേഷിക്കാരുടെ വരുമാനത്തില്‍ ഭേദഗതി വരുത്തുകയോ ചെയ്തിട്ടില്ല. ഭിന്നശേഷി മേഖലയ്ക്ക് ആകെ കൂടി പുതുതായി നല്‍കിയ വാഗ്ദാനം ഓട്ടിസം പാര്‍ക്കിനായി 40 ലക്ഷം രൂപയാണ്. ആശ്വാസ കിരണം പദ്ധതിക്ക് 54 കോടി രൂപ ഈ ബഡ്ജറ്റില്‍ വകയുരുത്തിയിട്ടുണ്ടെങ്കിലും തുകയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും മദ്യത്തിന്റെയും വില വര്‍ദ്ധിപ്പിച്ചു എന്നതല്ലാതെ പെന്‍ഷന്‍ തുകയില്‍ മാറ്റം വരുത്തിയിട്ടില്ല. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്ഥിരം പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നതിനോ സ്‌പെഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്കായോ ഈ ബഡ്ജറ്റില്‍ യാതൊന്നും തന്നെ വകയുരുത്തിയിട്ടില്ല. അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന ദുര്‍ബല വിഭാഗങ്ങളായ ഭിന്നശേഷിക്കാരോടുള്ള കടുത്ത വിവേചനമായിട്ടാണ് ഈ ബഡ്ജറ്റിലൂടെ ലഭിക്കുന്ന സന്ദേശം.