X

കുട്ടികള്‍ വീണ്ടും ഓണ്‍ലൈന്‍ പഠനമുറിയിലേക്ക് ;ആദ്യം ചാനലില്‍ പിന്നെ ഓണ്‍ലൈന്‍

 

പുത്തനുടുപ്പില്ല.വര്‍ണ്ണക്കുടയില്ല.കൂട്ടൂകാരോടൊപ്പം കൈകോര്‍ത്തു നടക്കാനും പറ്റില്ല. ജീവിതത്തിലെ നല്ലൊരു കാലഘട്ടം കോവിഡ് കൊണ്ടുപോയ സങ്കടത്തിലാണ് വിദ്യാര്‍ത്ഥികള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും പഠനം വീടുകളില്‍ തന്നെയാണ്. മറ്റെന്നാള്‍ ക്ലാസുകള്‍ ആരംഭിക്കുമെങ്കിലും ഓണ്‍ലൈന്‍, ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്തവര്‍ ഇനിയും ജില്ലയിലുണ്ട്. പല വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകവും ലഭിച്ചിട്ടില്ല. ആശങ്കകള്‍ക്കിടയിലും ജില്ലയില്‍ നിന്ന് 6,91,411 വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ പഠനത്തിനൊരുങ്ങുന്നത്. ഒന്നാം ക്ലാസിലേക്ക് ഏഴുപതിനായിരം കുട്ടികളെ പ്രതീക്ഷിച്ചിരുന്നെങ്കിലും 49000 കുട്ടികളാണ് പ്രവേശനം നേടിയത്. 30 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് (1,137,281) ഇനിയും പുസ്തകം ലഭിച്ചിട്ടില്ല.

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ പഠന രീതിക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ നേരിയ സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് വലിയൊരു വിഭാഗം കുട്ടികളിലും രക്ഷിതാക്കളിലും മടുപ്പാണുണ്ടാക്കിയത്. പല രക്ഷിതാക്കളും ഈ പഠന സംവിധാനത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. ഈ സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളില്ല എന്നത് കൊണ്ടുതന്നെ ഇത്തവണയും ഓണ്‍ലൈന്‍, ഡിജിറ്റല്‍ പഠന രീതിതന്നെ തുടരേണ്ട അവസ്ഥയാണ്. ക്ലാസുകള്‍ പങ്കെടുക്കാന്‍ കമ്പ്യൂട്ടര്‍, ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്ത 4736 കുട്ടികളാണ് ജില്ലയിലുള്ളത്. ഇവര്‍ക്ക് പൊതു പഠനകേന്ദ്രങ്ങളൊരുക്കും. വീടുകളില്‍ സൗകര്യമില്ലാത്തതും പൊതു പഠന കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ പറ്റാത്തതുമായ 5567 കുട്ടികളുമുണ്ട്. ഇവര്‍ക്ക് ബദല്‍ സൗകര്യമൊരുക്കും. ഇതോടൊപ്പം പല മേഖലയും ഇന്റര്‍നെറ്റ് കേബിള്‍ സൗകര്യമില്ലാത്തതാണ് വലിയ പ്രതിസന്ധി. മലയോര മേഖലയില്‍ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.

അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കൈറ്റ്-വിക്‌ടേഴ്സ് ചാനലിലൂടെ പഠനമാരംഭിക്കുമെന്നാണ് പ്രാഥമിക വിവരം. ജൂണ്‍ പകുതിയോടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരസ്പരം കാണാവുന്ന രീതിയിലേക്കും ക്ലാസുകള്‍ മാറും. ചാനലിലൂടെ മുന്‍വര്‍ഷം സംപ്രേഷണം ചെയ്ത ക്ലാസുകള്‍ ഭേദഗതി വരുത്തി ആകര്‍ഷവുമാക്കും. സ്‌കൂള്‍തലത്തില്‍ അധ്യാപകര്‍ തന്നെ ക്ലാസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുമെന്നാണ് വിലയിരുത്തല്‍. അതത് ക്ലാസുകള്‍ക്ക് പ്രത്യേകം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി നോട്ട്സും സംശയങ്ങളും പങ്കുവെക്കും. മഴക്കാലത്തെ വൈദ്യുതി മുടക്കം കാരണം പല വിദ്യാര്‍ത്ഥികള്‍ക്കും കഴിഞ്ഞ തവണ ക്ലാസുകള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെ മറികടക്കാന്‍ ഒരു സംവിധാനവും നിലവില്‍ ഒരുക്കിയിട്ടില്ല.

കുട്ടികള്‍ വീണ്ടും ഓണ്‍ലൈന്‍ മുറിയിലേക്കെത്തുമ്പോള്‍ രക്ഷിതാക്കളില്‍ നിരവധി വെല്ലുവിളികളുമുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമ്പോള്‍ കുട്ടികള്‍ മുങ്ങുന്ന രീതിയിലാണ് കാര്യമായ ആശങ്ക. ക്ലാസ് തുറന്നു വെച്ച് ഗെയിം, സിനിമ പോലെയുള്ളവയിലേക്ക് ശ്രദ്ധതിരിക്കുന്നതായി രക്ഷിതാക്കള്‍ പങ്കുവെച്ചിരുന്നു. നോട്ട്സ് എഴുതാനും മറ്റും ഫോണുപയോഗിക്കുമ്പോഴും കുട്ടികള്‍ എത്തിച്ചേരുന്നത് ഗെയിം സൈറ്റുകളില്‍ തന്നെ. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളിലുണ്ടാക്കിയ മാനസിക സമ്മര്‍ദവും ചെറുതല്ല. പാഠ്യപദ്ധതിക്കൊപ്പം കുട്ടികള്‍ക്ക് താല്‍പര്യമുള്ള കള്‍ച്ചറല്‍ പരിപാടികളും സ്‌കൂളുകളില്‍ നടത്തണമെന്ന രക്ഷിതാക്കളുടെ അഭിപ്രായവും ശക്തമാണ്.

Test User: