X

മാഷേ, എല്ലാ സ്‌കൂളില്‍നിന്നും കൊടുക്കുന്നുണ്ടല്ലോ

ഹലോ, മാഷല്ലേ? എല്ലാ സ്‌കൂളില്‍ നിന്നും ഫോണ്‍ കൊടുക്കുന്നതായി അറിയുന്നുണ്ടല്ലോ, ഇവിടെ ഒരു ഫോണും രണ്ടും മൂന്നും കുട്ടികളും സ്‌കൂളിലെ വിഷയങ്ങളുടെ കുറെ വാട്‌സ്ആപ്പ് ഗ്രൂപ്പുമാണ്. അതിന് പുറമെ ഫാമിലി ഗ്രൂപ്പും നാട്ടിലെ ഗ്രൂപ്പുകളും. ക്ലാസിനിടയില്‍ വീട്ടിലേക്കുള്ള ഫോണ്‍കോള്‍ കൂടി വന്നാല്‍ ആകെ പ്രശ്‌നമായി. എന്റെ കുട്ടിക്ക് ഫോണ്‍ കിട്ടുമോ..? മാഷ് വിചാരിച്ചാല്‍ നടക്കും…….

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ അധ്യാപകരുടെയും സ്‌കൂള്‍ പിടിഎ, വാര്‍ഡ് മെമ്പര്‍മാരുടെയും ഫോണിലേക്ക് ഇത്തരത്തിലുള്ള രക്ഷിതാക്കളുടെ നിരന്തര വിളികളാണ്. വിദ്യാഭ്യാസ വകുപ്പ് സമ്പൂര്‍ണ ഓണ്‍ലൈന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ ആരംഭിച്ച വിവരശേഖരണവും അധ്യാപകര്‍, സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഫോണ്‍ നല്‍കിവരുന്നതുമാണ് കൂടുതല്‍ പേര്‍ ആവശ്യക്കാരായി എത്താന്‍ കാരണം.

സ്‌കൂള്‍ അധ്യാപകരോടും വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെട്ട ജാഗ്രതാ സമിതിയോടും ബന്ധപ്പെട്ടാല്‍ തന്റെ കുട്ടിക്കും ഫോണ്‍ ലഭിക്കും എന്ന ധാരണയാണ് മിക്ക രക്ഷിതാക്കളെയും ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. ചില രക്ഷിതാക്കള്‍ നിലവിലെ സാഹചര്യത്തില്‍ ചൂഷണം ചെയ്യപ്പെടുകയുമാണ്. ലോക്ക്ഡൗണ്‍ പ്രയാസത്തില്‍പെട്ടു നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു സഹകരണ ബാങ്കുകളിലെ പലിശരഹിത മൊബൈല്‍ വായ്പ പദ്ധതിയായ വിദ്യാതരംഗിണി. വായ്പയ്ക്കായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരോട് പല ബാങ്കുകളും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്. ചില ബാങ്കുകള്‍ എ ക്ലാസ് മെമ്പര്‍മാരുടെ മക്കള്‍ക്ക് മാത്രമാണ് വായ്പ നല്‍കുന്നത്. എന്നാല്‍ വര്‍ധിച്ച അപേക്ഷകള്‍ കണക്കിലെടുത്ത് ഇന്നലെ സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ഒരു സഹകരണ സംഘത്തിന് നല്‍കാവുന്ന വായ്പാപരിധി 5 ലക്ഷത്തില്‍നിന്നു 10 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. തിരിച്ചടവ് ഉറപ്പാക്കിക്കൊണ്ട് സി ക്ലാസ് മെമ്പര്‍ മാര്‍ക്ക് കൂടി നല്‍കാം എന്ന് പ്രത്യേകം എടുത്തു പറയുന്നു.

സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ജൂലൈ 15ന് ആവശ്യമായ കുട്ടികളെ സ്‌കൂള്‍ തലത്തില്‍ ക്രോഡീകരിക്കുകയും 19 ന് വൈകിട്ടോടെ തദ്ദേശ സ്വയംഭരണ സമിതിക്ക് കൈമാറുകയും 21 ന് ജില്ലാ തലത്തില്‍ പൂര്‍ത്തീകരിച്ച് സംസ്ഥാന തലത്തിലേക്ക് അയക്കുകയും വേണം.
സ്‌കൂള്‍ തല ജാഗ്രതാസമിതിയാണ് യഥാര്‍ത്ഥ ആവശ്യക്കാരെ കണ്ടെത്തേണ്ടത്. ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ചുമതലകൂടി പ്രസ്തുത സമിതിക്കാണ്. അധ്യാപകര്‍, ജനപ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍ ഉള്‍പ്പെട്ടതാണ് ജാഗ്രതാസമിതി. സര്‍ക്കാരില്‍നിന്ന് കാര്യമായ സാമ്പത്തിക പിന്തുണ ലഭിക്കാത്ത അവസ്ഥയില്‍ കടുത്ത സമ്മര്‍ദ്ദമാണ് ഇവര്‍ നേരിടുന്നത്.

Test User: