X

ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാജന്‍മാര്‍ കടന്നുകൂടുന്നു: പാസ്‌വേര്‍ഡും ലിങ്കും കൈമാറരുതെന്ന് പൊലീസ്

കണ്ണൂര്‍: ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാജന്മാരുടെ നുഴഞ്ഞുകയറ്റമെന്ന് പൊലീസ്. പാസ്‌വേര്‍ഡും ലിങ്കും കൈമാറരുതെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ജാഗ്രത വേണമെന്ന് പൊലീസ് നിര്‍ദേശം. ഒരു പൊതുവിദ്യാലയത്തിന്റെ ഓണ്‍ലൈന്‍ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് ഒരാള്‍ ഡാന്‍സ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു; കൊല്ലത്തെ ഒരു സ്‌കൂളില്‍ ഒമ്പതാം ക്ലാസിലെ ഓണ്‍ലൈന്‍ റൂമിലെ കമന്റ് ബോക്‌സില്‍ തെറിയഭിഷേകവുമുണ്ടായി. ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പുകള്‍, ട്രോളുകള്‍ എന്നിവയും പ്രത്യക്ഷപ്പെടുന്നുണ്ട്. 40 കുട്ടികളുള്ള ക്ലാസില്‍ 48 കുട്ടികള്‍വരെയെത്തിയ സംഭവവുമുണ്ടായെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഓണ്‍ലൈന്‍ വഴി പ്രവേശനം നേടിയ കുട്ടികളെ അധ്യാപകര്‍ക്ക് പരിചയമില്ലാത്തതിനാല്‍ വ്യാജന്മാരെ കണ്ടെത്തുക പ്രയാസമാണ്. മാതാപിതാക്കളുടെ ഐഡി ഉപയോഗിച്ച് ക്ലാസില്‍ കയറുന്നതിനാല്‍ പേരുകള്‍ കണ്ട് തിരിച്ചറിയാനും സാധിക്കുന്നില്ല.

സൗജന്യമായി ലഭിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനാല്‍ അന്വേഷണത്തിന് പരിമിതിയുണ്ടെന്ന് പൊലീസ് പറയുന്നു. പലപ്പോഴും ക്ലാസുകളുടെ ലിങ്കും പാസ്‌വേര്‍ഡും കുട്ടികളില്‍നിന്ന് തന്നെയാണ് ചോരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്ക്, പാസ്‌വേര്‍ഡ് എന്നിവ കൈമാറാതിരിക്കാന്‍ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവല്‍ക്കരണം നടത്തണം.

Test User: