മലയാളിയുടെ ദേശീയോത്സവമാണ് ഓണം. അത്തം മുതല്‍ പത്ത് നാള്‍ പൂക്കളമൊരുക്കിയാണ് ഓണത്തെ വരവേല്‍ക്കുന്നത്. കാലപ്പോക്കില്‍ കാട്ടുപൂക്കളും നാട്ടുപൂക്കളുമൊക്കെ അന്യമായതോടെ പൂക്കളങ്ങളും അപൂര്‍വ്വ കാഴ്ചയായി മാറി. കോവിഡ് മഹാമാരിക്കും രണ്ടു പ്രളയത്തിനും മുമ്പ് വരെ പൂക്കളമൊരുക്കാന്‍ ആശ്രയിച്ചിരുന്നത് അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിനെയും കര്‍ണാടകയെയുമായിരുന്നു. ഇതിനാല്‍ ഓണക്കാലത്ത് കോടിക്കണക്കിന് രൂപയുടെ പൂക്കളാണ് ഇവിടങ്ങളില്‍ നിന്നും കേരളത്തിലെ വിപണിയിലേക്ക് എത്തിയിരുന്നത്.
അത്തം പിറക്കുന്നതോടെ നിത്യവും ലോഡ് കണക്കിന് പൂക്കളാണ് അതിര്‍ത്തി കടന്ന് വിവിധ ജില്ലകളിലേക്ക് എത്തിയിരുന്നത്. ഓണ
വിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയിലും ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്താണ് പൂകൃഷി ചെയ്തിരുന്നത്.
ഇവിടുത്തെ ഗ്രാമീണ കര്‍ഷകര്‍ക്ക് മലയാളിയുടെ ഓണക്കാലം കൊയ്ത്തുകാലമാണ്. പൂവിന്റെയും കച്ചവടത്തിന്റെയും കൊയ്ത്ത്. കാടിനെയും മേടിനെയും തൊടികളെയും വയലേലകളെയുമൊക്കെ ധന്യമാക്കിയിരുന്ന പൂക്കള്‍ നമുക്ക് നഷ്ടമായ അവസരം മുതലെടുത്താണ് അന്യസംസ്ഥാനക്കാര്‍ പൂകൃഷിയും കച്ചവടവും തുടങ്ങിയത്.
വര്‍ഷങ്ങളായി നടത്തുന്ന പൂക്കച്ചവടത്തിലൂടെ ഇവിടുത്തെ കര്‍ഷകരും കച്ചവടക്കാരും സമ്പാദിച്ചുകൊണ്ടിരുന്നത് ലക്ഷങ്ങളായിരുന്നു.
ചെണ്ടുമല്ലി, ജമന്തി, അരളി, മല്ലിക, സൂര്യകാന്തി തുടങ്ങിയവയാണ് ഇവര്‍ പ്രധാനമായും കൃഷി ചെയ്തിരുന്നത്. തെക്കന്‍ കേരളത്തില്‍ തോവാളയില്‍ നിന്നും മധ്യകേരളത്തില്‍ കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നും വടക്കന്‍ ജില്ലകളില്‍ കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ വിപണി കയ്യടക്കിയിരുന്നത്.
ഒരു കാലത്ത് ഓണമൊരുക്കാന്‍ ഒട്ടേറെ കാട്ടുപൂക്കളും നാട്ടുപൂക്കളും നമുക്ക് ലഭ്യമായിരുന്നു. തുമ്പ, ചെറുകാശിത്തുമ്പ, കാട്ടുമുല്ല, കാക്കപ്പൂവ്, കൃഷ്ണകിരീടം, അരളി, ശംഖുപുഷ്പം, തെച്ചി, മന്ദാരം, തുളസി, ചെമ്പകം, രാജമല്ലി, നന്ത്യാര്‍വട്ടം, നെല്ലിപ്പൂ, ചേരണിപ്പൂ, ആമ്പല്‍, താമര, ജലശംഖുപുഷ്പം, വിഷ്ണുകാന്തി, മുക്കുറ്റി, കണ്ണാന്തളി ഇങ്ങനെ പോകുന്നു പൂക്കളുടെ പേരുകള്‍. ഇവയില്‍ പലതും ഇപ്പോള്‍ അപൂര്‍വ്വകാഴ്ചയായി മാറിയെന്നുമാത്രമല്ല ചിലതൊക്കെ വംശനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.