തൊടുപുഴ: വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാറില്‍ രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം വരുന്നു.ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ മൂന്നാറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാകും നിയന്ത്രണം. ജനവാസമേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് എ. രാജ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ ആനകളെ നാടുകടത്തണമെന്നും രാത്രികാലങ്ങളിലെ സഫാരിക്കും ട്രക്കിങിനും നിന്ത്രണമേര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മൂന്നാര്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ആക്രമണകാരികളായ അഞ്ച് ആനകളാണ് സ്വൈരവിഹാരം നടത്തുന്നത്. പൊതുവെ ശാന്തനായിരുന്ന പടയപ്പയും ആക്രമണകാരിയായി. നിരവധി പേരുടെ ജീവനെടുത്ത ചക്കക്കൊമ്ബനും മൊട്ടവാലനും അരിക്കൊമ്ബനും ജനവാസമേഖലയിലിറങ്ങുന്നത് പതിവായതോടെയാണ് ആനകളെ നാടുകടത്തണമെന്ന ആവശ്യം ശക്തമായത്. ആനകള്‍ തുടര്‍ന്നും ജനവാസകേന്ദ്രങ്ങളില്‍ ഭീഷണി ഉയര്‍ത്തിയാല്‍ അവയെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും തീരുമാനമായി. വന്യമൃഗങ്ങളെ ശല്യപ്പെടുത്തും വിധം ജീപ്പ് ഡ്രൈവര്‍മാരും റിസോര്‍ട്ടുകളും നടത്തുന്ന നൈറ്റ് സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് എ. രാജ എം.എല്‍.എ പറഞ്ഞു.
വന്യമൃഗശല്യത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാം ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തും. വിനോദ സഞ്ചാരികള്‍ കൂടുതലായെത്തുന്ന ആനച്ചാല്‍, ചെങ്കുളം, പോതമേട്, ലക്ഷ്മി, മൂന്നാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്താന്‍ പൊലീസിനും വനം വകുപ്പിനും ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ നിര്‍ദേശം നല്‍കിയിട്ടുണ്ട്.