മൂന്നാര്‍ : മൂന്നാറില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ചവര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്.കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ.
കാട്ടാനയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്ബിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. തമിഴ്നാട്ടിലേക്ക് കടന്ന കടലാര്‍ സ്വദേശി ദാസിനെ പിടികൂടാന്‍ വനംവകുപ്പ് ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം കടലാറിലും കുറ്റിയാര്‍ വാലിയിലും പടയപ്പയിറങ്ങിയപ്പോള്‍ ബൈക്കും ജീപ്പും ഇരമ്ബിച്ചും ഹോണ്‍ മുഴക്കിയും ആനയെ പ്രകോപിപ്പിച്ചിരുന്നു. പ്രകോപിപ്പിച്ചാല്‍ ആന കൂടുതല്‍ അക്രമകാരിയാകുമെന്ന് വനപാലകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നുണ്ടെന്ന് വനംവകുപ്പ് പറയുന്നു. ഇത് ഇനി ആവര്‍ത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങള്‍ക്ക് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിന്‍റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ചു.