X

ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ അടച്ചുപൂട്ടി

ആറായിരത്തോളം ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി സംസ്ഥാനത്തെ ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ അടച്ചുപൂട്ടി. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നയപരമായ തീരുമാനം കൈക്കൊള്ളാനോ നിയമപരമായ നടപടികളിലേക്ക് കടക്കാനോ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് മൈനോറിറ്റി കോച്ചിംഗ് സെന്ററുകള്‍ നിശ്ചലമായത്. സംസ്ഥാനത്തെ ന്യൂനപക്ഷ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം വകുപ്പുതല യോഗം പോലും വിളിച്ചിട്ടില്ല.

ജൂലൈ ഒന്നിന് തുടക്കം കുറിക്കേണ്ട ന്യൂനപക്ഷകോച്ചിംഗ് സെന്ററുകളിലെ ക്ലാസുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കോച്ചിംഗ് സെന്ററുകളിലെ പഠനക്ലാസുകളില്‍ ചേരാനായി 6000 ഓളം അപേക്ഷകളാണ് ന്യൂനപക്ഷ ഡയറക്ടറേറ്റിന് ലഭിച്ചത്. അപേക്ഷകളില്‍ തുടര്‍നടപടികള്‍ എന്തായി എന്ന അന്വേഷണത്തിന് ഡയറക്ടറേറ്റ് നല്‍കുന്ന മറുപടിയാകട്ടെ, സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചില്ല എന്നാണ്. എല്ലാവര്‍ഷവും ജനുവരിയില്‍ ആരംഭിച്ച് ജൂണില്‍ പൂര്‍ത്തിയാകുന്നതും ജൂലൈയില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിക്കുന്നതുമായ രീതിയിലാണ് കോച്ചിംഗ് സെന്ററുകളിലെ ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

ഡിഗ്രി ബാച്ച്, പ്ലസ് ടു ബാച്ച്, ഹോളിഡേ ബാച്ച് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകള്‍ക്കുള്ള കോച്ചിംഗ് നല്‍കിയിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ സെപ്തബറിലോ ഒക്‌ടോബറിലോ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന എല്‍.ഡി.സി അടക്കമുള്ള പരീക്ഷകള്‍ എഴുതേണ്ടവരാണ്. ഇതില്‍ പെടുന്ന 3500ഓളം ഉദ്യോഗാര്‍ത്ഥികള്‍ ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നുണ്ട്. ഒക്‌ടോബര്‍, നവംബര്‍ മാസത്തില്‍ തന്നെ ഡിഗ്രി ബാച്ചിന്റെ പരീക്ഷയും നടക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ 24 കോച്ചിംഗ് സെന്ററുകളും ഇതിനു കീഴിലുള്ള 32 ഉപകേന്ദ്രങ്ങളുമടക്കം അടഞ്ഞുകിടക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നേരിട്ടുള്ള അധ്യാപനം നടന്നെങ്കിലും ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തോടെ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയിരുന്നു. പുതിയ ബാച്ചിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചതല്ലാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ജൂണ്‍ 16 വരെയാണ് അപേക്ഷകള്‍ സ്വീകരിച്ചത്.

ന്യൂനപക്ഷ പദ്ധതികളുടെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആകെ ചെയ്തത് ഇതുമായി ബന്ധപ്പെട്ട് ഒരു സര്‍വകക്ഷിയോഗം വിളിക്കുക മാത്രമാണ്. ആരുടെയും അവസരങ്ങള്‍ നഷ്ടമാകില്ലെന്നും ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കാന്‍ സാഹചര്യമൊരുക്കുമെന്നുമാണ് സര്‍വകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ നിയമപരമായ യാതൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിക്കായി യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഒന്നൊന്നായി ഇല്ലാതാകുന്ന സ്ഥിതിയാണ്.

Test User: