ക്ഷീര കര്‍ഷകരുടെ ദുരിതത്തിന് പരിഹാരമായി മലബാറിലെ ക്ഷീര സംഘങ്ങളില്‍ നിന്ന് മുഴുവന്‍ പാലും മില്‍മ സംഭരിക്കും. മുഖ്യമന്ത്രിയുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മുഴുവന്‍ പാലും സംഭരിക്കാന്‍ തീരുമാനിച്ചത്. ഇന്നുമുതല്‍ പാല്‍ സംഭരണം പൂര്‍വസ്ഥിതിയിലാവും. നിലവില്‍ നിയന്ത്രണങ്ങളോടെ പാല്‍ സംഭരിക്കുന്നത് ക്ഷീരകര്‍ഷകര്‍ക്ക് ബാധ്യതയായിരുന്നു.
ത്രിതല പഞ്ചായത്തുകള്‍, ട്രൈബല്‍ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്പുകള്‍, വൃദ്ധ സദനങ്ങള്‍, കോവിഡ് ആസ്പത്രികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങിളിലൂടെ പാല്‍ വിതരണം നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകും. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന മലപ്പുറം ജില്ലയൊഴിച്ച് മറ്റു ജില്ലകളില്‍ പാലിന്റെയും ഇതര ഉല്‍പ്പന്നങ്ങളുടെയും വിപണനത്തില്‍ പുരോഗതിയുണ്ട്. ആയതിനാല്‍ മില്‍മയുടെ എറണാകുളം, തിരുവനന്തപുരം യൂണിയനുകള്‍ മലബാറില്‍ നിന്ന് പാല്‍ സ്വീകരിക്കാം എന്നറിയിച്ചിട്ടുണ്ട്.
ഇതോടൊപ്പം പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി നല്‍കാമെന്ന് തമിഴനാട്ടിലെയും, കര്‍ണാടകയിലെയും പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറികള്‍ സമ്മതിച്ചിട്ടുമുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മുഴുവന്‍ പാലും സംഭിക്കാന്‍ മില്‍മ തീരുമാനമെടുത്തത്.