തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം പാല്‍ വിതരണത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ‘മില്‍ക്ക് ചലഞ്ചു’മായി മില്‍മ. ഉപഭോക്താക്കള്‍ പ്രതിദിനം അരലിറ്റര്‍ പാല്‍ അധികമായി വാങ്ങിയാല്‍ കോവിഡ് കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് മില്‍മ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ലോക്ക്ഡൗണ്‍ കാരണം ക്ഷീരകര്‍ഷകര്‍ സംസ്ഥാനത്തുത്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിറ്റഴിക്കാന്‍ കഴിയുന്നത്.
സാമ്പത്തിക ശേഷിയുള്ളവര്‍ കുറഞ്ഞത് അരലിറ്റര്‍ പാല്‍ വീതം അധികം വാങ്ങാന്‍ തയ്യാറായാല്‍ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിയ്ക്ക് കുറച്ചെങ്കിലും പരിഹാരമാകും. അതിനാലാണ് ‘മില്‍ക്ക് ചലഞ്ച്’ മില്‍മ മുന്നോട്ടു വച്ചത്. കേരളത്തിലെ 3500ല്‍ പരം വരുന്ന ക്ഷീര സഹകരണ സംഘങ്ങളിലെ എട്ടു ലക്ഷത്തോളം ക്ഷീരകര്‍ഷകരില്‍ നിന്നും മൂന്ന് മേഖല യൂണിയനുകള്‍ വഴി മില്‍മ പ്രതിദിനം 16 ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മൂലം വില്‍പ്പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിയന്ത്രണമുള്ളതിനാല്‍ പാല്‍ വില്‍പ്പനയില്‍ സാരമായ കുറവു വന്നിട്ടുണ്ട്.
ഇതു കാരണം സംസ്ഥാനത്ത് പ്രതിദിനം കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നാല് ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ മിച്ചമാകുന്നു. മലബാര്‍ മേഖലയില്‍ മാത്രം ക്ഷീരസംഘങ്ങള്‍ വഴി ദിവസം 8 ലക്ഷത്തോളം ലിറ്റര്‍ പാല്‍ മില്‍മ സംഭരിക്കുന്നുണ്ട്. ഇതില്‍ 4 ലക്ഷത്തില്‍പരം ലിറ്റര്‍ മാത്രമേ വില്‍പന നടത്താന്‍ സാധിക്കുന്നുള്ളൂ. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിലെ ഉപഭോക്താക്കള്‍ വിചാരിച്ചാല്‍ സാധിക്കുമെന്ന് മില്‍മ കണക്കുകൂട്ടുന്നു. ഇത്രയും പാല്‍ അന്യസംസ്ഥാനങ്ങളിലെ പാല്‍പ്പൊടി ഫാക്ടറികളില്‍ ദിവസേന അയച്ച് ഭാരിച്ച നഷ്ടം സഹിച്ചും പാല്‍പ്പൊടിയാക്കി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ വന്നതോടെ പാല്‍പ്പൊടിയാക്കുന്നതിലും തടസ്സം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ പാല്‍ സംഭരണത്തെയും വിതരണത്തെയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട മില്‍മ ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പാല്‍ സംഭരിക്കാത്തതു മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് സബ്‌സിഡി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും മില്‍മ ആവശ്യപ്പെട്ടു.