തിരുവനന്തപുരം: മനുഷ്യശരീരത്തിന് ഹാനികരമാകുന്ന വിഷപദാര്‍ഥങ്ങള്‍ പാലില്‍ കലര്‍ത്തുന്നെന്ന് ക്ഷീരവികസ വകുപ്പിന് കീഴിലെ ഡെയറി ലാബുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.യൂറിയ, മാല്‍റ്റോ ഡെക്സ്ട്രിന്‍ എന്നീ രാസവസ്തുക്കളാണ് പാലില്‍ ചേര്‍ക്കുന്നത്. 2021 ഡിസംബര്‍ ഒന്നുമുതല്‍ 2022 നവംബര്‍ 30വരെ ചെക്പോസ്റ്റുകളോട് ചേര്‍ന്നുള്ള ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാലക്ക് ക്ഷീരവികസന വകുപ്പില്‍നിന്ന് ലഭിച്ച രേഖയിലാണ് ഇക്കാര്യമുള്ളത്. കേരളത്തില്‍ ഒരുദിവസം ശരാശരി 91.4 ലക്ഷം ലിറ്റര്‍ പാലാണ് ചെലവാകുന്നത്. ഇതില്‍ 75 ശതമാനവും പുറത്തുനിന്ന് എത്തിക്കുന്നതാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ടാങ്കറുകളിലും പാക്കറ്റുകളായും എത്തിക്കുന്ന പാല്‍ പരിശോധിച്ചപ്പോഴാണ് വിഷപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്.
ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പെട്ടിട്ടും മായം കലര്‍ന്ന പാല്‍ എത്തുന്നത് തടയാന്‍ അധികൃതര്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെത്തിച്ച മായം കലര്‍ന്ന പാല്‍ കഴിഞ്ഞമാസം സംസ്ഥാനാതിര്‍ത്തികളില്‍ പിടികൂടിയിരുന്നു.പാലക്കാട് മീനാക്ഷിപുരം, കൊല്ലം ആര്യങ്കാവ്, തിരുവനന്തപുരം പാറശ്ശാല എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകള്‍ കടന്നാണ് കേരളത്തിലേക്ക് പാല്‍ എത്തുന്നത്. അഞ്ചുമുതല്‍ ആറുലക്ഷം ലിറ്റര്‍ പാല്‍ ഒരു ദിവസം അതിര്‍ത്തി കടന്ന് എത്തുന്നെന്നാണ് കണക്ക്.