പി.എം – ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ മഞ്ചേരി മെഡിക്കൽ കോളെജിൽ 23.75 കോടി രൂപ വിനിയോഗിച്ച് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് (CCB) സ്ഥാപിക്കുന്നതിന് അംഗീകാരം നൽകിയതായി ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ മലപ്പുറം ലോക് സഭാംഗം ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.
PM-ABHIMന് കീഴിൽ 2021-22 സാമ്പത്തിക വർഷത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 584.04 കോടി രൂപയും 2022-23 സാമ്പത്തിക വർഷത്തിൽ 4167.84 കോടിരൂപയും വകയിരുത്തിക്കൊണ്ട് പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നതായി മന്ത്രി അറിയിച്ചു.
പി.എം – ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതി നടത്തിപ്പിനെക്കുറിച്ചും മഞ്ചേരി മെഡിക്കൽ കോളെജിന് ഈ പദ്ധതിയിൽ നിർദ്ദേശിച്ചിരുന്ന ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്കിന്റെ നിലവിലെ പുരോഗതിയെ സംബന്ധിച്ചും സമദാനി നൽകിയ ചോദ്യത്തിന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.