റഹൂഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി:തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈജംബിൽ അഞ്ചാം സ്ഥാനം നേടിയ മലപ്പുറത്തെ ഹന്നയുടെ മികച്ച പ്രകടനം ശ്രദ്ധേയമാകുന്നു. 31 പേർ പങ്കെടുത്ത സബ്ജൂനിയർ ഗേൾസ് ഹൈജംബ് മത്സരത്തിലെ ഫൈനലിൽ 1.32 മീറ്റർ ഉയരത്തിൽ ചാടി അഞ്ചാമതായി എത്തിയ ഹന്ന കായിക ലോകത്തിനും മലപ്പുറത്തിനും പുതിയ പ്രതീക്ഷയേകുന്നു.
കന്നി മത്സരത്തിൽ തന്നെ ഉപജില്ലയിലും ജില്ലയിലും സംസ്ഥാനമേളയിലും എത്തിപ്പെടാൻ ഭാഗ്യം ലഭിച്ച ഈ കൊച്ചു മിടുക്കി യാതൊരു പരിശീലനവും കൂടാതെയാണ് മത്സരയോഗ്യത നേടിയത് എന്നതാണ് പ്രത്യേകത.
കൂട്ടിലങ്ങാടി പള്ളിപ്പുറം കോഴിപ്പറമ്പിലെ പുളിക്കത്തൊടി അബ്ദുറഹ്മാന്റെയും ഇൽമുന്നീസയുടെയും അഞ്ച് മക്കളിൽ ഇളയവളായ ഹന്ന മങ്കട പള്ളിപ്പുറം ജി.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. എൽ.പി. ക്ലാസ്മുതൽ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്ന ഹന്നക്ക് കായിക മത്സരങ്ങളിൽ വലിയ താൽപര്യമായിരുന്നു.
കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം സ്വന്തമായി ജംബിംഗ് പിറ്റു പോലുമില്ലാത്ത സ്കൂളിലെ കായിക മേളയിലെ ഹൈം ജംബിലെ മികച്ച പ്രകടനവും അധ്യാപകരായ സലീം പെരിമ്പലത്തിന്റെയും ലിജിയുടെയും പ്രോത്സാഹനവും പെയിന്റിംഗ് തൊഴിലാളിയായ പിതാവിന്റെ പിന്തുണയും സ്കൂൾ പഠനകാലത്ത് കായികരംഗത്ത് മുന്നേറ്റം നടത്തിയ മാതാവിന്റെ കായിക പാരമ്പര്യവുമെല്ലാം ഒത്തുചേർന്നപ്പോൾ ഹന്നയെ ഉപജില്ല മുതൽ സംസ്ഥാനതലം വരെ എത്തിക്കുകയായിരുന്നു. ഗ്രാമീണ മേഖലയിൽ സാധാരണ കുടുംബത്തിൽ നിന്ന് യാതൊരു പരിശീലനവും ലഭിക്കാത്ത ഹന്നയുടെ പ്രകടനത്തെ തലസ്ഥാനത്തെ കായിക നഗരിയിലെ സ്പോർട്സ് വിദഗ്ധരെല്ലാം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
മികച്ച പരിശീലനം ലഭിച്ചാൽ ഹന്നക്ക് അന്തർദേശീയ തലത്തിലേക്ക് ഉയരാൻ സാധിക്കുമെന്ന കാര്യം തീർച്ചയാണ്.