X

ഷുക്കൂര്‍ ഞങ്ങളുടെ വികാരം: ആരോപണങ്ങളെ നിയമപരമായി നേരിടും: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട ആരോപണത്തെ നിയമപരമായി നേരിടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അരിയില്‍ ഷുക്കൂര്‍ ഞങ്ങളുടയെല്ലാം വികാരമാണ്. അതുകൊണ്ട് തന്നെ ഈ വിഷയം വിടാന്‍ ഉദ്ദേശമില്ലെന്നും ഏതറ്റം വരെ പോയിട്ടാണെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണം വിശ്വാസമില്ലാത്തതാണെന്ന് തെളിഞ്ഞു. വളരെ വിചിത്രമായ വെളിപ്പെടുത്തലാണ്. വെളിപാടിന്റെ കാരണത്തെകുറിച്ച് ആലോചിച്ചപ്പോള്‍ പിന്നില്‍ എന്തോ ഉണ്ടെന്ന് തുടക്കം മുതല്‍ തോന്നിയിരുന്നു. ചില സൂചനകള്‍ ഒക്കെ ലഭിച്ചിട്ടുണ്ട്. റൂമറുകള്‍ വെച്ചിട്ട് മുസ്ലിംലീഗ് പാര്‍ട്ടി ഒരു കാര്യവും ഇപ്പോള്‍ പറയുന്നില്ല. ടി പി ഹരീന്ദ്രനെകൊണ്ട് ആരോ പറയിപ്പിച്ചതാണെന്ന് പാര്‍ട്ടിക്ക് സംശയമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്താണ് ഉദ്ദേശമെന്ന് കണ്ടുപിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്ന ഘട്ടങ്ങളില്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരും ലോയേഴ്സ് ഫോറവും നിരവധി കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. മുസ്ലിംലീഗ് പാര്‍ട്ടി നേരിട്ട് ഇടപെട്ടാണ് ലോയേഴ്സ് ഫോറത്തെ ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. വേണ്ടി വന്നാല്‍ താന്‍ തന്നെ ഈ കേസ് നടത്താന്‍ മുന്നിട്ടിറങ്ങും. ടി പി ഹരിന്ദ്രന്റെയും, പ്രാദേശിക ചാനലിന്റേയും ഭാഷാപ്രയോഗം പോലും വളരെ മോശമാണ്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ നീങ്ങാതെ കഴിയില്ല.

ഷുക്കൂര്‍ കേസ് ആയുധമാക്കി ഉപയോഗിച്ചവരെ പുറത്തുകൊണ്ടുവരും. അവസാനം വരെ അതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും വിളിച്ചിരുന്നു. കെ സുധാകരനെ ഇതിലേക്ക് വലിച്ചിഴക്കണ്ട കാര്യമില്ല. അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ടല്ലോ. പൊലീസ് അന്വേഷണം കൊണ്ട് ഗൂഢാലോചനകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. യു ഡി എഫ് യോഗത്തില്‍ പരാതി ആയിട്ട് ഉന്നയിക്കില്ല. എങ്കിലും യുഡിഎഫ് ഇത് ഗൗരവസ്വഭാവത്തില്‍ ഏറ്റെടുക്കണം. മുന്‍പുണ്ടായ ആരോപണങ്ങളേക്കാള്‍ വൈകാരികമാണിത്.അന്വേഷണത്തില്‍ എല്ലാം തെളിയും. വേണ്ടിവന്നാല്‍ സിവിലായും, ക്രിമിനലായും താന്‍ തന്നെ കേസ് എടുക്കും. ഇതുവരെ അത്തരത്തില്‍ ഒരു വിഷയത്തിലും താന്‍ നേരിട്ട് കേസ് കൊടുത്തിട്ടില്ല. എനിക്കെതിരെ എല്ലാത്തരം കേസുകളും വന്നിട്ടുണ്ട്. മലപ്പുറം വെടിവെപ്പ് മുതല്‍ തുടങ്ങിയതാണ്. ഒന്നിന്റെയും പിറകെയും ആരുടെ പിറകെയും ഞാന്‍ പോയിട്ടില്ല.

പക്ഷെ ഈ കേസ് ശുക്കൂറുമായി ബന്ധപ്പെടതാണ്. അതുകൊണ്ടുതന്നെ വിടാന്‍ കഴിയില്ലെന്നും അന്വേഷണത്തില്‍ എല്ലാം തെളിയും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ഒരു ക്രിമിനല്‍ കുറ്റം ചെയ്താല്‍ അത് യുഡിഎഫ് കെട്ടുറപ്പിനെ ബാധിക്കില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

webdesk12: