X

വിഴിഞ്ഞം: എല്ലാവരെയും വിശ്വാസത്തിലെടുക്കണം -മുസ് ലിം ലീഗ്

മലപ്പുറം: ജനദ്രോഹ നയങ്ങള്‍ക്കെതിരെ മുസ്്ലിംലീഗ് എം.എല്‍.എമാര്‍ കേരള നിയമസഭയില്‍ അതിശക്തമായി പ്രതികരിക്കുമെന്ന് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തിന് ശേഷമാണ് നേതാക്കളുടെ പ്രതികരണം.
നിയമസഭയില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ചെല്ലാം യോഗം കൂടിയാലോചിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ നാളെ തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇത്തരം ചര്‍ച്ചകള്‍ സ്വാഭാവികമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ക്കെതിരായ ബില്ലിനെ സംബന്ധിച്ചും വിഴിഞ്ഞത്ത് നടക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ജനങ്ങള്‍ അനുഭവിക്കുന്ന വിലക്കയറ്റം പോലുള്ള വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും നിസംഗത വെടിഞ്ഞ് വിലക്കയറ്റം തടയുന്നതിന് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതി എല്ലാവരെയും വിശ്വാസത്തിലെടുത്ത് നടപ്പാക്കണമെന്ന അഭിപ്രായമാണ് മുസ്ലിംലീഗിനും യു.ഡി.എഫിനുമുള്ളത്. യു.ഡി.എഫിന്റെ അഭിമാന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖം. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ മത്സ്യ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നത് 500 കോടിയോളം രൂപ യു.ഡി.എഫ് സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റിയില്ല. വിഴിഞ്ഞത്ത് നിന്നും പുറത്താക്കിയ ജനങ്ങള്‍ മൂന്ന് വര്‍ഷമായി സിമന്റ് ഗോഡൗണുകളിലാണ് താമസിക്കുന്നത്. അവര്‍ക്ക് ന്യായമായ ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കണമെന്നും അവരെ അവഗണിക്കുന്നത് ശരിയല്ലെന്നും പി.എം.എ സലാം പറഞ്ഞു.

യോഗത്തില്‍ എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, അഡ്വ. യു.എ ലത്തീഫ്, പി.കെ ബഷീര്‍, പി അബ്ദുല്‍ ഹമീദ്, കുറുക്കോളി മൊയ്തീന്‍, പി ഉബൈദുല്ല, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം എന്നിവര്‍ നേരിട്ടും ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ എന്നിവര്‍ ഓണ്‍ലൈനായും പങ്കെടുത്തു.

 

Test User: