X

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ എ. അബ്ദുള്‍ ഹക്കിം. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമീഷന്റെ തെളിവെടുപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നും അദ്ദേഹം. പൗരന്റെ നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകളും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.

അതേസമയം വിവരാവകാശ നിയമത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമാണ് ഫയല്‍ ലഭ്യമല്ല തുടങ്ങിയ മറുപടികള്‍. വിവരാവകാശ ചോദ്യങ്ങള്‍ക്ക് ഇത്തരം മറുപടികള്‍ നല്‍കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് വിവരാവകാശ കമീഷണര്‍ മുന്നറിയിപ്പ് നല്‍കി. അപേക്ഷകന്റെ ചോദ്യങ്ങളില്‍ ലഭ്യമായ മുഴുവന്‍ വിവരവും നല്‍കുകയാണ് വേണ്ടത്. മറുപടികള്‍ നല്‍കാന്‍ 30 ദിവസം വരെ കാത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട്. അതുവേണ്ട, മറുപടികള്‍ അല്ലെങ്കില്‍ വിവരങ്ങള്‍ 30 ദിവസത്തിനകം അപേക്ഷകന്റെ കൈവശം എത്തണം എന്നാണ് നിയമത്തില്‍ പറയുന്നത്. വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ അതിനുമുന്നേ അപേക്ഷകന് അവ നല്‍കാമെന്നും കമീഷണര്‍ വ്യക്തമാക്കി.  വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിവരാവകാശ നിയമത്തില്‍ പറയുന്ന ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. അപേക്ഷ ലഭിക്കുമ്പോള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുക എന്നതിനപ്പുറം വിവരങ്ങള്‍ ആവശ്യപ്പെടുന്നതില്‍ അപേക്ഷകന്റെ താല്‍പര്യങ്ങള്‍ അറിയാനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ നടത്തരുത്.

ഹിയറിങിന് എന്ന പേരില്‍ അപ്പലേറ്റ് അതോറിറ്റിയായ എക്‌സിക്യുട്ടീവ്/ മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ അപേക്ഷകരെ വിളിച്ചു വരുത്തുന്നതും വിവരാവകാശ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. വിവരാവകാശ അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ നിയമങ്ങളല്ല മറിച്ച് വിവരാവകാശ നിയമപ്രകാരമാകണം മറുപടികള്‍ നല്‍കേണ്ടതെന്നും കമീഷണര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരോടുള്ള വ്യക്തിവിരോധം തീര്‍ക്കാനും ശത്രുസംഹാരത്തിനുമുള്ള മാര്‍ഗമായി വിവരാവകാശ നിയമത്തെ കാണരുതെന്ന് പൊതുജനങ്ങളോടും കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.

13 അപേക്ഷകളാണ് വിവരാവകാശ കമീഷന്റെ തെളിവെടുപ്പില്‍ എത്തിയത്. ഇതില്‍ മൂന്ന് അപേക്ഷകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരായില്ല. നിസാരകാര്യങ്ങള്‍ക്ക് കമീഷന്റെ മുമ്പില്‍ ഹാജരാകാതിരുന്ന കൊണ്ടോട്ടി നഗരസഭ എസ്.പി.ഐ.ഒ (സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), കുറ്റിപ്പുറം ബ്ലോക്ക് എസ്.പി.ഐ.ഒ എന്നിവര്‍ക്കും മറുപടി നല്‍കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കും കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. തെളിവെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഈ ഉദ്യോഗസ്ഥരോടും കുറുവ ഗ്രാമപഞ്ചായത്ത് ഓഫീസിലെ എസ്.പി.ഐ.ഒ, മുന്‍ എസ്.പി.ഐ.ഒ എന്നിവരോടും ജനുവരി 11 ന് ബന്ധപ്പെട്ട രേഖകളുമായി തിരുവനന്തപുരത്തെ കമ്മീഷന്റെ ആസ്ഥാനത്ത് നേരിട്ട് ഹജരാകാനും വിവരാവകാശ കമീഷണര്‍ നിര്‍ദേശിച്ചു. തെളിവെടുപ്പിന് ശേഷം വിവരാവകാശ കമീഷണര്‍ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സന്ദര്‍ശിച്ചു.

Test User: