X

കോഴിയിറച്ചി മാലിന്യത്തിന് പണവും സ്വര്‍ണവും സമ്മാനം; സംസ്ഥാനത്ത് 38 മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍; ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍

കോഴിയിറച്ചി മാലിന്യം നല്‍കിയാല്‍ പണവും സ്വര്‍ണനാണയവും ചെയിനും സമ്മാനം. സംസ്ഥാനത്ത് ഇത്തരത്തില്‍ കോഴിയിറച്ചി മാലിന്യം വാങ്ങുന്ന 38 മാലിന്യ സംസ്‌കരണ പ്ലാന്റുകളുണ്ട്. രണ്ട് രൂപ മുതല്‍ മുടക്കിയാണ് പ്ലാന്റുകാര്‍ മാലിന്യം വാങ്ങുന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പ്ലാന്റുകള്‍ ഉള്ളത്. വേണ്ടത്ര മാലിന്യം സംരഭകര്‍ക്ക് ലഭിക്കാതെയായതോടെയാണ് ജില്ലയില്‍ സ്വര്‍ണം സമ്മാനമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിടുന്നുണ്ട്.

നിലവില്‍ കൊല്ലം -രണ്ട്, പത്തനംതിട്ട -ഒന്ന്, എറണാകുളം -ആറ്, തൃശ്ശൂര്‍ -ഒന്ന്, പാലക്കാട് -രണ്ട്, മലപ്പുറം -19, കോഴിക്കോട് -ഒന്ന്, വയനാട് -ഒന്ന്, കണ്ണൂര്‍ -രണ്ട്, കാസര്‍കോട് -മൂന്ന് എന്നിങ്ങനെയാണ് പ്ലാന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉടന്‍ തുടങ്ങും. എറണാകുളം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഉടന്‍ പ്ലാന്റുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. രണ്ടു ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്ലാന്റുകളുമുണ്ട്.

കേരളത്തില്‍ പ്രതിമാസം 20 ലക്ഷം ടണ്ണോളം കോഴിയിറച്ചി മാലിന്യമുണ്ടാകുന്നുവെന്നാണ് ഏകദേശ കണക്ക്. നിലവില്‍ സജ്ജമായ പ്ലാന്റുകളില്‍ ഒരേസമയം രണ്ടുംമൂന്നും ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ സാധിക്കും. എല്ലാ പ്ലാന്റുകളിലുമായി പ്രതിമാസം 14,014,245 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നുണ്ടെന്നാണ് തദ്ദേശവകുപ്പ് അധികൃതര്‍.

നേരത്തെ 10 രൂപ നല്‍കിയായിരുന്നു കോഴിക്കടക്കാര്‍ മാലിന്യം ഒഴിവാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കിലോക്ക് രണ്ട് രൂപ കോഴിക്കടക്കാര്‍ക്ക് മുതല്‍ നല്‍കിയാണ് പ്ലാന്റുകാര്‍ മാലിന്യം വാങ്ങുന്നത്. കോഴിയെക്കൊന്ന് നാലു മണിക്കൂറിനുള്ളില്‍ ശീതികരണത്തിലാക്കി പ്ലാന്റിനു നല്‍കണം. ഇതിനായുള്ള ശീതികരണി ഉള്‍പ്പടെയുള്ളവ പ്ലാന്റുകാര്‍ നല്‍കും.

മാലിന്യ സംസ്‌കരണ പ്ലാന്റിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിയതോടെ മൊത്തം 49 പ്ലാന്റുകള്‍ക്ക് നിര്‍മ്മിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കി. ഇതില്‍ 38 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ബാക്കിയുള്ള പ്ലാന്റുകള്‍ ഉടന്‍ നടപ്പിലാക്കും. വഴിയോരത്ത് ഉപേക്ഷിച്ച് ദുര്‍ഗന്ധം പടര്‍ത്തുന്ന കോഴി മാലിന്യത്തിനായി മത്സരം നടക്കുന്നതിന് ഇത് കാരണമായി. ഇത്തരത്തില്‍ പ്ലാന്റുകള്‍ വര്‍ധിക്കുന്നത് പന്നികള്‍ക്കും മുഷി മീനുകള്‍ക്കും തീറ്റക്കായി മാലിന്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

webdesk12: