X

കുടുംബ ബന്ധങ്ങളുടെ കാര്യത്തില്‍ നിയമത്തിനു നല്‍കാനാവുന്നത് നിര്‍ദ്ദേശങ്ങള്‍ മാത്രം

കുടുംബ ബന്ധങ്ങളുടേയും സാമൂഹിക ബന്ധങ്ങളുടേയും കാര്യത്തില്‍ നിയമത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ സാധിക്കൂ എന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിച്ച സ്ത്രീകളും നിയമവും എന്ന ശില്‍പശാലയില്‍ സംസാരിച്ച് അഡ്വ. എം ടി ഷക്സ് ചൂണ്ടിക്കാട്ടി. കൃത്യമായ നിയമങ്ങള്‍ ഉണ്ടെങ്കിലും ഊഷ്മളമായ ബന്ധങ്ങളാണ് സമഗ്ര ക്ഷേമത്തോടു കൂടിയ മുന്നേറ്റത്തിന് അഭികാമ്യം. എല്ലാ കാര്യങ്ങളിലും നിയമപരമായ നിര്‍ദ്ദേശങ്ങള്‍ കൊണ്ടു മാത്രം മുന്നോട്ടു പോകാനാവില്ല. ഉയര്‍ന്ന പൗരബോധവും ഇവിടെ ആവശ്യമാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങള്‍ സംബന്ധിച്ചും അദ്ദേഹം വിവരിച്ചു.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ പാലക്കാട്, കണ്ണൂര്‍, വയനാട് ഓഫിസുകള്‍ മലപ്പുറം ടൗണ്‍ഹാളില്‍ നടത്തി വരുന്ന ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.
സ്ത്രീകള്‍ക്കു മുന്നിലുള്ള സംരംഭക സാധ്യതകളെ കുറിച്ച് ജില്ലാ ലീഡ് ബാങ്ക് സാമ്പത്തിക സാക്ഷരതാ കോര്‍ഡിനേറ്റല്‍ പി പി സയ്യിദ് ഫസല്‍ അലി, തൊഴില്‍ ശേഷി മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് എംപ്ലോയ്മെന്റ് ഓഫിസര്‍ എന്‍ വി സമീറ, കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നിലമ്പൂര്‍ ആയുഷ്ഗ്രാമിലെ ഡോ. അഞ്ജലി, ഡോ. അരുണ്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്വിസ് മല്‍സരം സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥ ജിമി ജോണ്‍സന്‍ നയിച്ചു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മതി, കണ്ണൂര്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ ബിജു കെ മാത്യു സംസാരിച്ചു.

 

webdesk12: