X

ഉണക്കമീന്‍ ലോറിയില്‍ 1200 കിലോ കഞ്ചാവ്: പ്രതികള്‍ റിമാന്‍ഡില്‍

കുമളി: ഉണക്കമീന്‍ ലോഡ് കയറ്റിയ ലോറിയില്‍ മീന്‍ കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1200 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഉത്തമപാളയം കോടതി റിമാന്‍ഡ് ചെയ്തു.ആന്ധ്രയിലെ കാക്കിനടയില്‍നിന്ന് തമിഴ്നാട്ടിലെ തേനി, ദിണ്ഡുഗല്‍, രാമനാഥപുരം ജില്ലകളില്‍ വില്‍ക്കുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് ജില്ല അതിര്‍ത്തിയില്‍ ദിണ്ഡുഗല്‍ പൊലീസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാമനാഥപുരം സ്വദേശികളായ ശെല്‍വരാജ് (32), അബൂബക്കര്‍ സിദ്ദീഖ് (35), ചിന്നസ്വാമി (25) എന്നിവരെയാണ് ഉത്തമപാളയം കോടതി റിമാന്‍ഡ് ചെയ്തത്.ഉണക്കമീന്‍ കെട്ടുകള്‍ക്കിടെ 40 കിലോ വീതമുള്ള കവറുകളാക്കിയാണ് 1200 കിലോ കഞ്ചാവ് ആന്ധ്രയില്‍നിന്ന് തമിഴ്നാട്ടിലെത്തിച്ചത്. വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് തമിഴ്നാട് നാര്‍കോട്ടിക് വിഭാഗം പൊലീസ് രഹസ്യമായി നടത്തിയ നീക്കത്തിലാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വില്‍പന വില കണക്കാക്കിയാല്‍ 20 കോടിയിലധികം വിലവരുമെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ലോറിയും പൊലീസ് പിടിച്ചെടുത്തു.

webdesk12: