X

ജാമ്യകാലാവധി, വസ്തുനികുതി, ലൈസന്‍സ് പുതുക്കല്‍ സമയപരിധി നീട്ടി

 

കണ്ണൂര്‍: ലോക്ഡൗണ്‍ നീട്ടിയതിന്റെ പശ്ചാത്തലത്തില്‍ കോടതി ഉത്തരവുകളുടെയും സര്‍ക്കാരിലേക്ക് അടക്കേണ്ട വിവിധ ഫീസുകളുടെയും കാലാവധി നീട്ടി. ഇടക്കാല ജാമ്യം, മുന്‍കൂര്‍ ജാമ്യം എന്നിവടെ കാലാവധി ഈ മാസം 15 വരെയാണ് നീട്ടിയത്. ഹൈക്കോടതിയിലും കീഴ്‌കോടതികളിലും ട്രിബ്യൂണലുകളിലും പരിഗണനയിലുള്ള കേസുകളില്‍ ലോക്ഡൗണ്‍ കാലത്ത് സമയപരിധി കഴിയുന്ന ഉത്തരവുകള്‍ക്കും അധിക സമയം അനുവദിച്ചിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരം റിമാന്റ്, വിചാരണ തടവുകാര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യം ലോക്ഡൗണ്‍ നീളുന്നതനുസരിച്ച് നിലനില്‍ക്കും. കാലാവധി അവസാനിക്കുന്ന മുറക്ക് മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട കോടതിയില്‍ ഹാജരായി ജാമ്യത്തിന് അപേക്ഷിക്കണം. അതേസമയം ജാമ്യത്തിന്റെ കാര്യത്തില്‍ ആക്ഷേപമുള്ള കക്ഷികള്‍ക്ക് അക്കാര്യം കോടതിയില്‍ അറിയിക്കാം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അക്രമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കാനും നിര്‍ദേശമുണ്ട്.

ലോക്ഡൗണ്‍ നീട്ടിയതോടെ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ബന്ധിത നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചു. വ്യാപാരികളും സംരംഭകരും ജനങ്ങളും തദ്ദേശസ്ഥാപനങ്ങളില്‍ അടക്കേണ്ട വസ്തുനികുതിയുടെ സമരപരിധി ആഗസ്ത് 31 വരെ നീട്ടി. പിഴ കൂടാതെ അടക്കാനുള്ള സമയമാണിത്. നികുതി ഇളവിന് അര്‍ഹതയുള്ളവര്‍ സാക്ഷ്യപത്രം ഹാജരാക്കാനുള്ള സമയം ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കാനുള്ള സമയവും ആഗസ്ത് 31 വരെ നീട്ടി.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വ്യാപാരനഷ്ടമുള്ളവര്‍ക്ക് വാടക ഇളവ് പരിഗണിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെയും വികസന അതോറിറ്റികളുടെയും അധീനതയിലുള്ള കെട്ടിടങ്ങള്‍ക്കാണ് വാടകഇളവ് ലഭിക്കുക. ഇളവിന്റെ കാര്യം ഉടമസ്ഥാരായ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം. കഴിഞ്ഞ വര്‍ഷവും ഇത്തരം സ്ഥാപനങ്ങള്‍ വാടക ഇളവ് നല്‍കിയിരുന്നു.
ആദായനികുതിയുമായി ബന്ധപ്പെട്ട സമയപരിധിയും നീട്ടിയിട്ടുണ്ട്. ഇന്‍കം ടാക്‌സ് റിട്ടേണ്‍, ടാക്‌സ് ഓഡിറ്റ്, ടി.ഡി.എസ് റിട്ടേണ്‍, അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പണം എന്നിവക്ക് ഓരോ മാസമാണ് സമയം നീട്ടി നല്‍കിയത്. നോണ്‍ ഓഡിറ്റ് ആദായനികുതി സമര്‍പ്പണത്തിന് രണ്ടു മാസം സമയമുണ്ട്. ജൂലൈ 31ന് പകരം സെപ്റ്റംബര്‍ 31വരെ സമയം ലഭിക്കും.

 

Test User: