ഭരണ തലത്തില്‍ തലമുറ മാറ്റമുണ്ടാക്കിയ അസ്വാരസ്യങ്ങള്‍ക്കിടയില്‍ നടക്കാനിരിക്കുന്ന സിപിഎം സമ്മേളനങ്ങളില്‍ ബദല്‍ പക്ഷ വിഭാഗത്തെ നേരിടാനുള്ള കരുനീക്കങ്ങള്‍ സജീവം. വ്യക്തിപൂജ വിവാദത്തില്‍ കാടുകയറിയ വിഭാഗീയതയില്‍ പി ജയരാജനെയും ഒതുക്കിയേക്കും.
സംസ്ഥാന സമിതിയിലെ താക്കീതിന് പിന്നാലെ പി ജയരാജനെ നേതൃരംഗത്ത് തന്നെ ഇല്ലാതാക്കി ഒതുക്കാനുള്ള നീക്കങ്ങളാണ് ഔദ്യോഗിക തലത്തില്‍ സജീവമാകുന്നത്. ഇതോടെ കണ്ണൂരില്‍ ജയരാജന്‍ ഒറ്റപ്പെടുന്ന അവസ്ഥയിലാകും. പിജെ ആര്‍മിയെ വിലക്കിയ നടപടികള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങള്‍ക്കും പിന്നാലെയാണ് സംസ്ഥാന സമിതി ജയരാജന് താക്കീത് നല്‍കിയത്. വിഎസ്-പിണറായി പോരിനിടയില്‍ കണ്ണൂരില്‍ സിപിഎമ്മിന്റെ അവസാന വാക്കായിരുന്നു ജയരാജന്‍. പാര്‍ട്ടി ചുമതലകളില്ലാത്ത ജയരാജന് മുന്നില്‍ നടപടി ഭയന്ന് അണികളും അകലം പാലിച്ചതോടെ പിജെ ആര്‍മിയിലൂടെ നേടിയ വ്യക്തി പ്രഭാവത്തിനും കൂടിയാണ് മങ്ങലേറ്റത്.
ഇകെ നായനാര്‍ക്ക് ശേഷം കണ്ണൂരില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഏറെ സ്വാധീനം നേടിയ നേതാവായിരുന്നു ജയരാജന്‍. ഈ സ്വാധീനം വ്യക്തിപൂജയിലൂടെ പാര്‍ട്ടി ചട്ടക്കൂടിന് അപ്പുറത്തേക്ക് വളരാന്‍ ശ്രമിച്ചതാണ് ജയരാജന് വിനയായത്. ആര്‍എസ്എസ് ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതും മറ്റ് നേതാക്കളേക്കാളുമപ്പുറം ലളിത ജീവിതം നയിക്കുന്നയാളെന്ന ഖ്യാതി സൃഷ്ടിച്ച് താഴെക്കിടയിലെ പ്രവര്‍ത്തകരുമായി ആത്മബന്ധം ഉണ്ടാക്കിയതുമാണ് ജയരാജനെ അണികള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്. എന്നാല്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നേതൃത്വത്തിന്റെ അതൃപ്തിക്കിടയാക്കുകയായിരുന്നു. തുടര്‍ച്ചയായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഭരണത്തിന്റെ പ്രതിഛായക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്ന രീതിയില്‍ വളര്‍ന്നതോടെയാണ് നേതാക്കളില്‍ ഭൂരിഭാഗവും ജയരാജനെതിരെ നീക്കമാരംഭിച്ചത്.
കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന വേളയില്‍ നടന്ന രാഷ്ട്രീയ കൊലപാതകം ബിജെപി രാഷ്ട്രീയ ആയുധമാക്കുകയായിരുന്നുവെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സീറ്റ് നല്‍കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റിയ ജയരാജന് ഇതിന് ശേഷം ഒരു പദവിയും പാര്‍ട്ടി നല്‍കിയില്ല. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും ജയരാജനെ മാറ്റിനിര്‍ത്തുകയായിരുന്നു. ജയരാജനൊപ്പം കോട്ടയത്ത് മത്സരിച്ച വിഎന്‍ വാസവന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയായിരുന്നു. സ്ഥാനമാനങ്ങളില്ലെങ്കിലും പിജെ ആര്‍മിയിലൂടെ പ്രവര്‍ത്തകര്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ് നിന്നുവെങ്കിലും രാഷ്ട്രീയ വിവാദങ്ങളുണ്ടായതോടെയാണ് പിജെ ആര്‍മിക്ക് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയത്. റെഡ് ആര്‍മി എന്ന പേരില്‍ പുനര്‍ജീവിപ്പിച്ചുവെങ്കിലും സജീവമല്ലാതായി.
പിജെ ആര്‍മിയുടെ അമരക്കാരായിരുന്ന അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ടതോടെയാണ് പി ജയരാജന്‍ വീണ്ടും വിവാദ കുരുക്കിലായത്. ഇവര്‍ക്ക് ജയരാജനുമായുണ്ടായ അടുപ്പമാണ് വിവാദത്തിന് കാരണം. ജയരാജന്‍ ഇവരെ തള്ളി പറഞ്ഞുവെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയില്ല. സംസ്ഥാന കമ്മിറ്റിയുടെ താക്കീതിലേക്കെത്തിച്ചത് ഇത്തരം അടുപ്പങ്ങളായിരുന്നു. കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് യോഗത്തില്‍ അര്‍ജുന്‍ ആയങ്കിയുമായും ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധം സിഐടിയു നേതാവ് കെപി സഹദേവന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയരാജന്‍ പൊട്ടിത്തെറിക്കുകയും വാഗ്വാദത്തിലേക്ക് മാറുകയും ചെയ്തതോടെ യോഗം നിര്‍ത്തിവെക്കേണ്ട അവസ്ഥ വരെയുണ്ടായിരുന്നു.
അതേസമയം പാര്‍ട്ടിക്കകത്ത് മാത്രം അറിയേണ്ട താക്കീത് എന്ന നടപടി യോഗശേഷം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതോടെ സിപിഎമ്മിനകത്തെ പോരാണ് പുറത്തായത്. കണ്ണൂരില്‍ ജയരാജനു പിന്നില്‍ അണിനിരന്ന പ്രവര്‍ത്തകരില്‍ പലരും ഇന്ന് പാര്‍ട്ടിയിലില്ല. ഏതാനും ദിവസം മുമ്പ് ആന്തൂരില്‍ നടപടിക്ക് വിധേയരായവരില്‍ ഭൂരിഭാഗവും ജയരാജനുമായി അടുപ്പമുള്ളവരാണ്. ജില്ലയില്‍ പലയിടങ്ങളിലും ഇത്തരം പ്രവര്‍ത്തകരുണ്ട്. പാര്‍ലമെന്ററി രംഗത്ത് അധികകാലമൊന്നും പ്രവര്‍ത്തിക്കാത്ത മുതിര്‍ന്ന നേതാവായ ജയരാജന്‍ നിലവില്‍ സംസ്ഥാന സമിതി അംഗം മാത്രമാണ്. മറ്റ് ചുമതലകളൊന്നും ഇദ്ദേഹത്തിന് ഇപ്പോഴില്ല. ഐആര്‍പിസിയുടെ രക്ഷാധികാരി എന്ന ചുമതല മാത്രമാണ് അദ്ദേഹത്തിനുള്ളത്. അടുത്ത മാസത്തോടെയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങുക. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കുക വഴി 75 വയസ് എന്ന നിബന്ധന കര്‍ശനമാക്കുകയും ചെയ്താല്‍ ജയരാജന് മുന്നിലെ വഴികള്‍ പൂര്‍ണമായും അടയും. നിലവില്‍ 70 വയസാണ് ജയരാജന്റെ പ്രായം. മുതിര്‍ന്ന അംഗങ്ങളില്‍ പലരും ജില്ല, സംസ്ഥാന കമ്മിറ്റികളില്‍ നിന്ന് ഒഴിയേണ്ടതായും വരും. കേഡര്‍ പാര്‍ട്ടിയില്‍ നേതൃത്വത്തിന് അനഭിമതരായവരെ പിന്തുണക്കാന്‍ അണികള്‍ തയ്യാറായെന്നും വരില്ല. ജയരാജന് മുന്നില്‍ സംഘടനാ തലത്തിലും ഭരണ തലത്തിലും എത്താവുന്ന വഴികള്‍ അടയുന്നതോടെ പൂര്‍ണമായും ഒറ്റപ്പെടുന്ന അവസ്ഥയാണുണ്ടാകുക.