X

പഫുല്‍ പട്ടേലിനെതിരെ ‘മോദി സ്റ്റൈല്‍’ പ്രതിഷേധവും

 

കിരാതനിയമങ്ങള്‍ നടപ്പാക്കിയ ശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ കാത്തിരിക്കുന്നത് വേറിട്ട പ്രതിഷേധ പരിപാടികള്‍. ഇന്ന് കറുത്ത മാസ്‌ക്കണിഞ്ഞും, വീട്ടുമുറ്റങ്ങളില്‍ കറുത്തകൊടി നാട്ടിയും ജനവിരുദ്ധ അഡ്മിനിസ്‌ട്രേറ്ററെ വരവേല്‍ക്കുന്ന ദ്വീപ് ജനത, പ്രഫുല്‍ പട്ടേല്‍ മടങ്ങുന്ന ദിവസം പാത്രം കൊട്ടിയാവും പ്രതിഷേധിക്കുക. കോവിഡിന്റെ ആദ്യതരംഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പാത്രം കൊട്ടിയും കയ്യടിച്ചുമുള്ള പ്രതീകാത്മക പ്രതിരോധ പരിപാടിക്ക് ആഹ്വാനം ചെയ്തിരുന്നു. ഈ സമര രീതിയാണ് കേന്ദ്രത്തിന്റെ തന്നെ ഒത്താശയോടെ ഫാസിസ്റ്റ് നിയമങ്ങള്‍ നടപ്പാക്കുന്ന പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപ് ജനത പ്രയോഗിക്കുന്നത്.

ഒരാഴ്ചത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ജൂണ്‍ 20ന് പ്രഫുല്‍ പട്ടേല്‍ മടങ്ങുമെന്നാണ് സൂചന. അതേദിസവം രാത്രി 9ന് വിളക്കുകള്‍ അണച്ച് പാത്രം കൊട്ടിയാവും ദ്വീപ് ജനതയുടെ പ്രതിഷേധം. ഗോ ബാക്ക് പ്രഫുല്‍ പട്ടേല്‍ മുദ്രാവാക്യവും മുഴക്കും. വേറിട്ട പ്രതിഷേധത്തിലൂടെ ദിവസങ്ങായി നടക്കുന്ന സമരത്തിന് ദേശീയശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ലക്ഷദ്വീപുകാരുടെ പ്രതീക്ഷ. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഈ മാസം ഏഴിന് ദ്വീപ് ജനത ഒന്നടങ്കം നിരാഹാര സമരം നടത്തിയിരുന്നു. കുട്ടികളുടെയും യുവാക്കളുടെയും വയോജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് സമരം വലിയ ശ്രദ്ധ നേടി. ജലവിനോദമായ സ്‌കൂബാഡൈവിങിലൂടെയും അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ ലക്ഷദ്വീപിലെ യുവാക്കള്‍ പ്രതിഷേധത്തിര ഉയര്‍ത്തിയിരുന്നു. സമാധാനപരമായ രീതിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം ഉള്‍പ്പെടെയുള്ള സമര സംഘടനകളുടെ തീരുമാനം.

പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷം നിരവധി ജനവിരുദ്ധ, ഫാസിസ്റ്റ് നയങ്ങളാണ് ദ്വീപില്‍ നടപ്പാക്കുന്നത്. രണ്ടു മാസത്തോളമായി ദ്വീപ് ജനത പ്രക്ഷോഭത്തിലാണെങ്കിലും ചില ഉത്തരവുകള്‍ മാത്രമാണ് ഇതുവരെ പിന്‍വലിച്ചത്. ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും മംഗളൂരുവിലേക്ക് മാറ്റുന്നതിന്റെ സൂചന നല്‍കി ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ആറ് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം മംഗളൂരു തുറമുഖത്ത് നോഡല്‍ ഓഫിസര്‍മാരായി നിയോഗിച്ചിട്ടുണ്ട്.

തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനാണ് ഇതെന്നാണ് ലക്ഷദ്വീപ് പോര്‍ട്ട് ഷിപ്പിങ് ആന്‍ഡ് ഏവിയേഷന്‍ വകുപ്പിന്റെ വിശദീകരണം. ദ്വീപുമായി പതിറ്റാണ്ടുകളുടെ വ്യാപാര ബന്ധമുള്ള ബേപ്പൂരിനെയും, പിന്നീട് കൊച്ചിയെയും ചരക്ക്‌നീക്കങ്ങളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ആദ്യ പടിയാണിതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ന്യൂമംഗളുരു തുറമുഖത്തു നിന്നു ചരക്കുനീക്കവും വൈകാതെ യാത്രാകപ്പല്‍ സര്‍വീസും ആരംഭിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടം തീരുമാനമെടുത്തത്. ആറു മാസത്തിനകം ചരക്കുനീക്കം ആരംഭിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ നിന്ന് കട്മത്ത്, കില്‍ത്താന്‍, ചെത്ത്‌ലത്ത് ദ്വീപുകളിലേക്ക് ചരക്കുമായി ആദ്യ ബാര്‍ജ് എത്തുകയും ചെയ്തു.

Test User: