X

മുഴുവന്‍ സ്വകാര്യ ദീര്‍ഘദൂര സര്‍വിസുകളും ഈ മാസം കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കും

സ്വകാര്യ ദീര്‍ഘദൂര സൂപ്പര്‍ക്ലാസ് ബസുകള്‍ അതിവേഗത്തില്‍ ഏറ്റെടുത്ത് കെ.എസ്.ആര്‍.ടി.സി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്ന് കാസര്‍കോട്ടെ മലയോര കുടിയേറ്റ മേഖലകളിലേക്ക് ഉണ്ടായിരുന്ന 14 ദീര്‍ഘദൂര സ്വകാര്യ ബസുകളും കഴിഞ്ഞ ഒരാഴ്ചക്കിടെ ഏറ്റെടുത്തു.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2013-14 കാലഘട്ടത്തില്‍ യു.ഡി.എഫ് സര്‍ക്കാറാണ് സ്വകാര്യ സൂപ്പര്‍ക്ലാസ് സര്‍വിസുകള്‍ ഏറ്റെടുത്തത്. എന്നാല്‍, മിക്ക സര്‍വിസുകളും നിലനിര്‍ത്താന്‍ സ്വകാര്യ ബസ് ലോബിക്കു സാധിച്ചിരുന്നു.

ഒരു ഘട്ടത്തില്‍ 140 കിലോമീറ്ററിനു മുകളില്‍ റൂട്ട് ദൂരമുണ്ടായിരുന്ന സ്വകാര്യ മലബാര്‍ സര്‍വിസുകള്‍ ലിമിറ്റഡ് ഓര്‍ഡിനറിയായി ഓടിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നിയമവിരുദ്ധ ഉത്തരവിറക്കിയെങ്കിലും ഹൈകോടതി ദിവസങ്ങള്‍ക്കകം ഉത്തരവ് റദ്ദാക്കി. എന്നിട്ടും ചില സ്വകാര്യ ബസുകള്‍ പെര്‍മിറ്റില്ലാതെ സര്‍വിസ് തുടര്‍ന്നു. ഇടുക്കിയിലെ യാത്രക്ലേശം ചൂണ്ടിക്കാട്ടി 2022 ഒക്ടോബറില്‍ 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ സ്വകാര്യ പെര്‍മിറ്റ് നല്‍കാന്‍ ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു.

ഇത് വിവാദമായതോടെ ശബരിമല സീസണ്‍ കഴിഞ്ഞാല്‍ 140 കിലോമീറ്ററിനു മുകളില്‍ കൊടുത്ത താല്‍ക്കാലിക പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്നും 2023 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇവ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കുമെന്നും ഗതാഗത മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.എരുമേലി-ചന്ദനക്കാംപാറ, പുനലൂര്‍- ചിറ്റാരിക്കല്‍, പത്തനാപുരം-ചന്ദനക്കാംപാറ, പത്തനംതിട്ട-മാനന്തവാടി, കോട്ടയം-ബന്ദടുക്ക, കോട്ടയം-പഞ്ചിക്കല്‍, കോട്ടയം-പാണത്തൂര്‍, കോട്ടയം-പെരിക്കല്ലൂര്‍, കോട്ടയം-മാനന്തവാടി, മുണ്ടക്കയം-കൊന്നക്കാട്, കോട്ടയം-അമ്ബായത്തോട്, കുമളി-കൊന്നക്കാട്ട്, പൊന്‍കുന്നം-പാണത്തൂര്‍, ഇളംകാട്-പാണത്തൂര്‍, റാന്നി-കൂടിയാന്‍മല, കോരുത്തോട്-പാണത്തര്‍ എന്നീ സ്വകാര്യ സര്‍വിസുകളാണ് കെ.എസ്.ആര്‍.ടി.സി കഴിഞ്ഞയാഴ്ച ഏറ്റെടുത്ത് ഓടിച്ചു തുടങ്ങിയത്.

 

webdesk12: