X

വിശ്വനാഥന്‍റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസന്വേഷണത്തിന് അസി.കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. നേരത്തേ അസ്വാഭാവിക മരണത്തിനു മാത്രമായിരുന്നു കേസെടുത്തത്. സംസ്ഥാന പട്ടിക വര്‍ഗ കമീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് പുതിയ വകുപ്പ് ചേര്‍ത്തത്. സിറ്റി പൊലീസ് മേധാവിയുടെയും ഡെപ്യൂട്ടി കമീഷണറുടെയും മേല്‍നോട്ടത്തിലാണ് പത്തംഗ സ്ക്വാഡ് പ്രവര്‍ത്തിക്കുക.

ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മാതൃശിശുസംരക്ഷണ കേന്ദ്രത്തിലും ഡെപ്യൂട്ടി കമീഷണര്‍ കെ.ഇ. ബൈജുവിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം മൊഴിയെടുക്കാനെത്തി. സി.സി.ടി.വി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയും നടന്നു. മരിച്ച വിശ്വനാഥനെ ആള്‍ക്കൂട്ടം ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആളുകളെ തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ശനിയാഴ്ചയാണ് ആദിവാസി യുവാവ് കല്‍പറ്റ സ്വദേശി വിശ്വനാഥന്‍ മെഡി. കോളജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിന് സമീപം ആളൊഴിഞ്ഞ പറമ്ബിലെ മരത്തില്‍ തൂങ്ങിമരിച്ചത്. മോഷണ ആരോപണവുമായി ബന്ധപ്പെട്ട മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് നിഗമനം.

webdesk12: