X

മുന്‍ ജഡ്ജിക്കെതിരായ ബലാത്സംഗ ആരോപണം: അന്വേഷണത്തില്‍ അപാകതയെന്ന് വീട്ടമ്മ

ബലാത്സംഗം ആരോപിച്ച്‌ നല്‍കിയ പരാതിയില്‍ പട്ടികജാതി കമീഷന്‍ മുന്‍ ചെയര്‍മാനും മുന്‍ ജഡ്ജിയുമായ പി.എന്‍.വിജയകുമാറിനെ കുറ്റമുക്തനാക്കി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിനെതിരെ വീട്ടമ്മ ഹൈകോടതിയിലേക്ക്. മുണ്ടക്കയം സ്വദേശിനിയാണ് പരാതിക്കാരി. 2017 എപ്രില്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകനെതിരായ കേസില്‍ നിയമസഹായം തേടിയാണ് സമുദായ സംഘടന വഴി നേരത്തേ പരിചയമുള്ള ചെയര്‍മാനെ ഫോണില്‍ വിളിച്ചത്.

തൊടുപുഴയില്‍ ജോലിചെയ്തിരുന്ന ഇവരോട് നേരിട്ട് തൃശൂരിലെ വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടു. അവിടെവെച്ച്‌ ബലാത്സംഗം ചെയ്തു. പരാതിപ്രകാരം മുണ്ടക്കയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സംഭവസ്ഥലം തൃശൂര്‍ വെസ്റ്റ് സ്റ്റേഷന്‍ പരിധി ആയതിനാല്‍ അങ്ങോട്ട് കൈമാറി. അവിടെ നടന്ന അന്വേഷണം ശരിയായ രീതിയില്‍ അല്ലായിരുന്നെന്നും ആരോപണവിധേയന്‍റെ സ്വാധീനം ഉണ്ടായെന്നുമാണ് പരാതിക്കാരിയുടെ ആക്ഷേപം.

ഗൗരവമുള്ള കുറ്റകൃത്യങ്ങള്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്തയാള്‍ അന്വേഷിക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദേശമെങ്കിലും സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ആളാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ എം.എസ്. അനു പറഞ്ഞു. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയില്ല. മൊഴിപ്പകര്‍പ്പ് നല്‍കിയിട്ടുമില്ല. മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിക്കുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു.

webdesk12: