X

രവി പൂജാരിയുടെ കേരള ബന്ധം കണ്ടെത്താന്‍ ശ്രമം

കസ്റ്റഡിയില്‍ കിട്ടിയ രാജ്യാന്തര കുറ്റവാളി രവി പൂജാരിയെ കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എസ്എടി) ചോദ്യം ചെയ്തു തുടങ്ങി. രവി പൂജാരിക്ക് കേരളത്തിലുള്ള ബന്ധങ്ങള്‍ കണ്ടെത്താനാണ് ശ്രമം. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ തങ്ങിയിരുന്ന രവി പൂജാരി, കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ സാറ്റലൈറ്റ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ 2016ല്‍ വന്ന ഭീഷണി കോളും രവി പൂജാരിയുടേതാണെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. നേതാക്കളുടെ ഫോണ്‍ നമ്പരുകളുള്‍പ്പെടെ ഇയാള്‍ക്ക് നല്‍കിയത് കേരളത്തില്‍ നിന്നുള്ളവരാണെന്ന സൂചനയെ തുടര്‍ന്നാണ് അധോലോക കുറ്റവാളിയുടെ കേരള കണക്ഷന്‍ തിരിച്ചറിയാന്‍ ശ്രമം. നെടുമ്പാശേരിയിലെ എസ്എടി ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സേനാംഗങ്ങളെ ഉള്‍പ്പെടെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. എസ്എടി ഡിഐജി അനു കുരുവിളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യലിനു നേതൃത്വം നല്‍കുന്നത്.

കടവന്ത്രയില്‍ നടി ലീന മരിയാ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരേ 2018 ഡിസംബര്‍ 15നു നടന്ന വെടിവെയ്പു കേസില്‍ മുഖ്യപ്രതിയാണ് രവി പൂജാരി. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമൊപ്പമാണ് രവി പൂജാരിയുമായി ബന്ധപ്പെട്ടു നടന്നതായി സംശയിക്കുന്ന കേരളത്തിലെ മറ്റു ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നത്. തനിക്കും കുടുംബത്തിനും രവി പൂജാരിയെന്നു പരിചയപ്പെടുത്തിയ വ്യക്തിയുടെ വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് 2016ല്‍ രമേശ് ചെന്നിത്തല പരാതി നല്‍കിയിരുന്നു, തൃശൂരിലെ വ്യാപാര സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എം.നിഷാമിനെതിരെ മോശമായി സംസാരിച്ചാല്‍ രമേശിനെയും കുടുംബാംഗത്തിനെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് ഡോണ്‍ രവി പൂജാരിയെന്നു പരിചയപ്പെടുത്തിയ വ്യക്തി ഭീഷണിപ്പെടുത്തിയത്. ബെംഗളൂരുവില്‍ ബിസിനസ് ബന്ധങ്ങളുള്ള പ്രമുഖ വ്യവസായിയായ നിഷാമിനു എന്തെങ്കിലും അടുപ്പം രവി പൂജാരിയുമായി ഉണ്ടോയെന്നു പൊലീസ് നേരത്തെ അന്വേഷിച്ചിരുന്നെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല.
കൊച്ചു കടവന്ത്രയില്‍ നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെയുണ്ടായ വെടിവെയ്പ് കേസ് അന്വേഷിക്കുന്ന കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) സംഘം ബുധന്‍ വൈകിട്ട് ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് പ്രൊഡക്ഷന്‍ വാറന്റ് ഹാജരാക്കി രവി പൂജാരിയെ കേരളത്തിലെത്തിച്ചത്.

ജൂണ്‍ എട്ടുവരെ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും. കേസില്‍ രവി പൂജാരിയുടെ അറസ്റ്റ് കഴിഞ്ഞ ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയിരുന്നു. മുഖ്യപ്രതിയായ ഇയാളെ 9 ദിവസം കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കഴിഞ്ഞ 30ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം കഴിഞ്ഞദിവസം ബംഗളുരുവിലെത്തിയത്. രാജ്യാന്തര തലത്തില്‍ കുപ്രസിദ്ധനായ രവി പൂജാരി 2020ല്‍ അറസ്റ്റിലായയുടന്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ബംഗളുരുവിലെത്തി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച വെടിവെയ്പ് കേസില്‍ മൂന്നാംപ്രതിയാണ് രവിപൂജാരി. ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പില്‍ നേരിട്ടു പങ്കെടുത്ത ആലുവ കോമ്പാറ സ്വദേശി ബിലാല്‍, എളംകുളം വാട്ടര്‍ ടാങ്ക് റോഡില്‍ വിപിന്‍, ഇവര്‍ക്ക് തോക്ക് എത്തിച്ചു നല്‍കിയ അല്‍ത്താഫ് എന്നിവരെ 2019ല്‍ പിടികൂടിയിരുന്നു.

Test User: