X

ഗ്രാമീണ ബേങ്ക് ശാഖകളില്‍ സേവനം തടസ്സപ്പെടുന്നു

ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കാലഹരണപ്പെട്ട സാങ്കേതിക വിദ്യയും കാരണം കേരള ഗ്രാമീണ ബേങ്ക് ശാഖകളില്‍ സേവനം തടസ്സപ്പെടുന്നതായി പരാതി. ജീവനക്കാരുടെ കുറവു മൂലം രണ്ടും മൂന്നും പേരുടെ ജോലി ഒരാള്‍ ചെയ്യേണ്ടിവരുന്നതായി ജീവനക്കാരും പരാതിപ്പെടുന്നു. പുതിയ ജീവനക്കാരെ നിയമിക്കുന്നതില്‍ ബേങ്ക് വിമുഖത കാണിക്കുകയാണെന്നാണ് പരാതി.

ഗ്രാമീണ ബേങ്കുകള്‍ കൈകാര്യം ചെയ്യുന്ന ബിസിനസ് അനുസരിച്ച് ആവശ്യമായ ജീവനക്കാരുടെ എണ്ണം തീരുമാനിക്കുന്ന മാന്‍പവര്‍ കമ്മിറ്റിയായ മിത്രകിമ്മറ്റി ഗ്രാമീണ ബേങ്കുകളില്‍ 2500ല്‍ അധികം ഒഴിവ് ഉണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ ജൂണ്‍ മാസത്തില്‍ പുറത്തിറക്കിയ നിയമനം സംബന്ധിച്ച വിജ്ഞാപനത്തില്‍ 267 ഒഴിവു മാത്രമാണ് രേഖപ്പെടുത്തിയത്.

634 ശാഖകളും റീജിയണല്‍ ഓഫിസുകളും മലപ്പുറം ആസ്ഥാനമായ ഹെഡ് ഓഫിസുമാണ് ഗ്രാമീണ ബേങ്കിനുള്ളത്. ശാഖകളില്‍ മാത്രമായി 3458 ജീവനക്കാരാണുള്ളത്. ബേങ്ക് തുടങ്ങിയ 2016-17ല്‍ 615 ശാഖകളില്‍ 3388 സ്റ്റാഫുണ്ടായിരുന്ന സ്ഥാനത്താണിത്. അഞ്ചു വര്‍ഷം കൊണ്ട് 19 ശാഖകള്‍ പുതുതായി ഉണ്ടായെങ്കിലും 70 സ്റ്റാഫുകളാണ് അധികമായുള്ളത്.

മാത്രമല്ല നാലു വര്‍ഷത്തിനിടയില്‍ വിരമിച്ചവരുടെ കണക്കു കൂടി എടുത്താല്‍ വളരെ കുറഞ്ഞ ജീവനക്കാരെ മാത്രമേ നിയമിച്ചിട്ടുള്ളൂ എന്ന ് വ്യക്തമാവും. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബിസിനസില്‍ 1000 കോടിയുടെ വര്‍ധനവുണ്ട്. ബാങ്ക് 33 കോടി ലാഭത്തിലാണ്. എന്നിട്ടും ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കുന്നില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. ഓരോ ശാഖയിലും ചുരുങ്ങിയത് രണ്ടിലധികം ക്ലറിക്കല്‍ സ്റ്റാഫ് വേണമെന്ന നിബന്ധനയും ഇവിടെ പാലിക്കപ്പെടുന്നില്ല.

സ്ത്രീ ജീവനക്കാര്‍ക്ക്് അമിത ജോലി ഭാരം മാനസിക പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ നോക്കാന്‍ അനുവദിച്ച രണ്ടു വര്‍ഷത്തെ വേതനശൂന്യ അവധി പകരം ആളില്ലാത്തതിനാല്‍ പലര്‍ക്കും നിഷേധിക്കുകയാണെന്ന് ഇവര്‍ പരാതിപ്പെടുന്നു.

 

Test User: