X

കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടും കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. ലക്ഷദ്വീപ് വിഷയത്തില്‍ കേരളത്തിന്റെ പൊതുവികാരം പ്രതിഫലിക്കുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ അവതരിപ്പിക്കുക. പ്രതിപക്ഷം പ്രമേയത്തെ പിന്തുണക്കുമെന്ന് വി.ഡി സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഐകകണ്ഠനേയാവും നിയമസഭാ പ്രമേയം പാസാക്കുക. മുസ്‌ലിം ലീഗ് ഉള്‍പെടെയുളള പാര്‍ട്ടികള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലക്ഷദ്വീപ് വിഷയത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള കക്ഷി നേതാക്കള്‍ തങ്ങളുടെ ഔദ്യോഗിക നിലപാട് സഭയില്‍ വ്യക്തമാക്കും. ലക്ഷദ്വീപ് പ്രശ്‌നം അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തില്‍ അതിരൂക്ഷ വിമര്‍ശനമാണുള്ളതെന്നറിയുന്നു. ലക്ഷദ്വീപിന്റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്‌ട്രേറ്ററുടെ വെല്ലുവിളി അംഗീകരിക്കാനാവില്ലെന്നും സഭ നിലപാട് സ്വീകരിക്കും.

 

Test User: