കാസര്‍കോഡ് ചീമേനി പോലീസാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി ശരണ്യ എസ്, ഭര്‍ത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു എന്നിവരെയാണ് ചീമേനി പോലീസ് പിടികൂടിയത്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി കാണിച്ച് തിമിരി സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ആലപ്പുഴ കലവൂരില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്.അന്താരാഷ്ട്ര ഐ ടി കമ്പനിയില്‍ എന്‍ജീനീയര്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. തമിഴ് നാട്ടിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും താമസിച്ചാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. താമസിക്കുന്ന സ്ഥലങ്ങളിലെ വിലാസങ്ങളില്‍ ഇവര്‍ ആധാര്‍ കാര്‍ഡുകള്‍ സമ്പാദിച്ച് നിരവധി സിം കാര്‍ഡുകള്‍ എടുത്തിരുന്നു. വിദേശത്ത് ബിസിനസ്സ് നടത്തുകയാണെന്നും വിസയും ജോലിയും ശരിയാക്കിത്തരാമെന്നും സോഷ്യല്‍ മീഡിയയിലൂടെ വിശ്വസിപ്പിച്ചാണ് ആളുകളെ കബളിപ്പിച്ചിരുന്നത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. വിവിധ ജില്ലകളില്‍ സമാനമായ പരാതി ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.