കര്‍ണാടകയില്‍ ബി.ജെ.പിക്ക് ‘ഷോക്ക്’; പ്രമുഖ ലിംഗായത്ത് നേതാക്കളും 500ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍.നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെയുള്ള കര്‍ണാടകയില്‍ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും കര്‍ണാടകയിലെ പ്രബലനായ നേതാവുമായ സി.ടി രവിയുടെ വിശ്വസ്തനായിരുന്ന എച്ച്.ഡി തമ്മയ്യ പാര്‍ട്ടി വിട്ടു.സംസ്ഥാനത്തെ പ്രമുഖ ലിംഗായത്ത് നേതാവായ തമ്മയ്യ 500ഓളം പ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
18 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ സജീവമാണ് എച്ച്.ഡി തമ്മയ്യ. ലിംഗായത്ത് സമുദായത്തിന്റെ വോട്ട് പാര്‍ട്ടിയില്‍ ഉറപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാളാണ്. ഇതുകൊണ്ടു തന്നെ തൊമ്മയ്യയുടെ കൂടുമാറ്റം ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാകുമെന്നുറപ്പാണ്. തമ്മയ്യയ്‌ക്കൊപ്പം മറ്റൊരു പ്രമുഖ നേതാവായ കെ.എസ് കിരണ്‍കുമാറും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. സി.ടി രവിയുടെ മണ്ഡലമായ ചിക്മഗളൂരു തമ്മയ്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടി വിടാന്‍ പ്രകോപനമായതെന്നാണ് വിവരം. കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ തമ്മയ്യയ്ക്കും കിരണ്‍കുമാറിനും നേതാക്കള്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കി. നേതാക്കളെ ഡി.കെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ബി.ജെ.പി പ്രാഥമികാംഗത്വവും എല്ലാ പദവികളും ഞാന്‍ രാജിവച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ചേരണമെന്നാണ് അനുയായികളും അഭ്യുദയകാംക്ഷികളും പറയുന്നത്. തുടര്‍ന്നാണ് ഞാന്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ട് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചത്-തമ്മയ്യ പ്രതികരിച്ചു. കിരണ്‍കുമാര്‍ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വിശ്വസ്തനാണ്. യെദ്യൂരപ്പയുടെ സമുദായമായ സദര്‍ ലിംഗായത്ത് അംഗമാണ് കിരണും. കര്‍ണാടക നിയമമന്ത്രി ജെ.സി മധുസ്വാമിയുടെ മണ്ഡലമായ ചിക്കനായകഹള്ളിയില്‍ ഇദ്ദേഹം താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍, സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജിവച്ചതെന്നാണ് അറിയുന്നത്. കിരണ്‍ കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും യെദ്യൂരപ്പയ്ക്കും രാജി നല്‍കിയിരുന്നു.
ഇനിയും നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.