കോഴിക്കോട്: കരിപ്പൂരില്‍ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശവനിത പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം.വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെയും പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
വിമാനത്താവളത്തില്‍നിന്ന് രേഖകളില്ലാത്തതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിനു കൈമാറിയ യുവതിയാണ്, താന്‍ പീഡനത്തിനിരയായെന്ന് ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയത്. ടൂറിസ്റ്റ് വീസയില്‍ കോഴിക്കോട്ട് എത്തിയ കൊറിയന്‍ യുവതി നാട്ടിലേക്കു തിരിച്ചുപോകാനായാണ് കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ഇവരുടെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. തുടര്‍ന്ന് യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞ് പൊലീസിനു കൈമാറുകയായിരുന്നു.
കോഴിക്കോട് വനിതാ സെല്ലിനാണു കൈമാറിയത്.കൊറിയന്‍ ഭാഷ മാത്രം സംസാരിക്കുന്ന ഇവര്‍ പണം വേണമെന്നു മാത്രമാണ് ഇംഗ്ലിഷില്‍ ചോദിച്ചിരുന്നത്. ഇതോടെ ദ്വിഭാഷിയെ കണ്ടെത്തി വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമിച്ചു. എന്നാല്‍ ദ്വിഭാഷിയെ കണ്ടെത്തി കാര്യങ്ങള്‍ ചോദിച്ചെങ്കിലും യുവതി ഒന്നും പറയാന്‍ തയാറായിരുന്നില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണ് യുവതി പീഡനവിവരം വെളിപ്പെടുത്തിയത്.