ന്യൂഡല്‍ഹി: സമുദ്ര മത്സ്യ ബന്ധന നിയമം മത്സ്യ തൊഴിലാളികളുടെയും, തീരപ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് കൂടി പര്യാപ്തമാകണമെന്ന് മുസ്ലിം ലീഗ്. ഫിഷറീസ്, ഡയറി, കൃഷി വകുപ്പ് മന്ത്രിമാര്‍ വിളിച്ചുകൂട്ടിയ തീരദേശ എം.പി മാരുടെ യോഗത്തിലാണ് മുസ്്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി, എം. പി അബ്ദുസ്സമദ് സമദാനി എം. പി എന്നിവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
കാലാവസ്ഥ വ്യതിയാനം മത്സ്യ ബന്ധന മേഖലയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം.
യന്ത്രവത്കൃത യാനങ്ങളും പരമ്പരാഗത ബോട്ടുകളും നിര്‍വ്വചിക്കുമ്പോള്‍ വസ്തുതകള്‍ കൃത്യമായി കണക്കിലെടുക്കണമെന്നും ലൈസന്‍സ് നല്‍കുമ്പോള്‍ ബോട്ടിലും, വഞ്ചിയിലും പോകുന്ന മത്സ്യ തൊഴിലാളികളെല്ലാം അതിന്റെ ഉടമകള്‍ ആയിരിക്കില്ല, വാടകക്ക് എടുക്കുന്നവരായായിരിക്കും. ഇതും പരിഗണിക്കേണ്ടതുണ്ടെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.
ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് ബന്ധപ്പെട്ടവരുമായും മത്സ്യതൊഴിലാളി പ്രതിനിധികളുമായും വിശദമായി ചര്‍ച്ച ചെയ്യണമെന്നും എംപി മാര്‍ ആവശ്യപ്പെട്ടു. നേരത്തെ പാര്‍ലമെന്റ് സമ്മേളനത്തിലും ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി ഇക്കാര്യം ഉന്നയിച്ചിരുന്നു.