കാഴിക്കോട്: വീടുകളില്‍ തൈകള്‍ നട്ടും സോഷ്യല്‍ മീഡിയ വഴി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും പ്രവര്‍ത്തകര്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമാകണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു. തൈ നടാം, തണലൊരുക്കാം എന്ന പ്രമേയമുയര്‍ത്തി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്വന്തം വീട്ടുവളപ്പില്‍ കുടുംബത്തോടൊപ്പം തൈകള്‍ വെച്ചുപിടിപ്പിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പൊതു പരിപാടികളിലും സജീവമായി സംബന്ധിക്കണം.
ആവാസ വ്യവസ്ഥക്ക് കൂടുതല്‍ കരുതല്‍ നല്‍കേണ്ട ഒരു കാലത്താണ് ഇത്തവണ പരിസ്ഥിതി ദിനം ആചരിക്കുന്നത്. കോവിഡ് മഹാമാരി നാടിന്റെ സാമൂഹിക ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണവും പരിസര ശുചീകരണവും നമ്മുടെ ഉത്തരവാദിത്തമാണ്. വെള്ളപ്പൊക്കം, പേമാരി, ഹിമപാതം, മലിനീകരണം എന്നിങ്ങനെയുള്ള പ്രയാസങ്ങളെല്ലാം ജനജീവിതത്തെ ബാധിക്കുന്നുണ്ട്. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിച്ചുകൊണ്ടാണ് പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടത്. പരിസ്ഥിതിയുടെ സന്തുലനാവസ്ഥക്ക് മരങ്ങളും കാടുകളും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ആവാസ വ്യവസ്ഥ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢ പ്രതിജ്ഞയുമായി പരിസ്ഥിതി പുനഃസ്ഥാപനം എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ലോകം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ജൈവ വൈവിധ്യം നിലനില്‍ക്കേണ്ടത് മനുഷ്യരുടെ അതിജീവനത്തിനും അനിവാര്യമാണ് എന്നതിനാല്‍ പരിസ്ഥിതി ദിന സന്ദേശ പ്രചാരണത്തില്‍ എല്ലാവരും പങ്കാളികള്‍ ആകണമെന്ന് പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.
- 4 years ago
Test User